ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ
ലബനാന് നേരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. ഒമ്പത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ ലബനാന്‍ ലക്ഷ്യമിട്ടാണ് നിലവില്‍ ആക്രമണങ്ങള്‍. ഒരാഴ്ച മുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പില്‍ വന്ന ശേഷം 129 ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ ലബനാനില്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
14 മാസം നീണ്ട അതിക്രമങ്ങള്‍ക്ക് താല്‍ക്കാലിക അറുതികുറിച്ചാണ് ലബനാനില്‍ ഹിസ്ബുല്ലയുമായി ഇസ്‌റാഈല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. 60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ കരാര്‍. ഇതോടെ, തെക്കന്‍ ലബനാനില്‍ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടക്കം ആരംഭിച്ചു. ഇസ്‌റാഈല്‍ സൈനിക പിന്മാറ്റവും തുടങ്ങി.
ബൈറൂതിലും ലബനാന്റെ മറ്റു ഭാഗങ്ങളിലും സമീപനാളുകളിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചില്‍ നടത്തിയ രാത്രിയിലായിരുന്നു ഇസ്‌റാഈല്‍ സുരക്ഷ മന്ത്രിസഭ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ സേന നിലയുറപ്പിച്ച ഭാഗങ്ങളില്‍ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാര്‍ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയാണ് വെടിനിര്‍ത്തല്‍. ലബനാന്‍ ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയൊഴുകുന്ന ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികള്‍ പിന്‍വാങ്ങണമെന്നും ഉപാധിയുണ്ട്. പകരം, അതിര്‍ത്തിയില്‍ 5000 ലബനാന്‍ സൈനികരെ വിന്യസിക്കണം.
ഇസ്‌റാഈല്‍, ഫ്രാന്‍സ്, യു.എസ് എന്നിവര്‍ സംയുക്തമായാണ് ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. അതേസമയം, കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് നാലു മണിക്കൂര്‍ മുമ്പ് കുടിയൊഴിപ്പിക്കല്‍ ഉത്തരവിറക്കിയും ഒരു മണിക്കൂര്‍ മുമ്പും വ്യോമാക്രമണം തുടര്‍ന്നും ലബനാനില്‍ ഭീതി വിതച്ചിരുന്നു ഇസ്‌റാഈല്‍. കരാര്‍ നിലവില്‍ വന്നിട്ടും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെയാണെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."