മാണിക്കെതിരായ കേസില്‍ തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍
കൊച്ചി: ലെഡ് ഓക്സൈഡ് ഇടപാടില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ വിജിലന്‍സ് കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കി അന്വേഷണം നടത്തിയത് തെറ്റായ തീരുമാനമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹരജി തീര്‍പ്പാക്കി.
നിയമവിരുദ്ധമായി കേസെടുത്തുവെന്ന് ആരോപിച്ച് നേരത്തേ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്. ഇന്നലെ ഹരജി പരിഗണിക്കവേ കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും ഹരജി തീര്‍പ്പാക്കാന്‍ അനുവദിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി അശോക് കുമാര്‍ കോടതിയില്‍ നേരിട്ടു ഹാജരായി ആവശ്യപ്പെട്ടത്.
എന്നാല്‍ അഴിമതി ഇല്ലെന്നു കണ്ടെത്തിയാണോ കേസ് അവസാനിപ്പിക്കുന്നതെന്നു കോടതി ചോദിച്ചു. ഇപ്രകാരം ആണെങ്കില്‍ അനുവദിക്കാനാവില്ലെന്നും ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. പിന്നീട് ഹരജി പരിഗണിക്കവേ അന്വേഷണം ഏറ്റെടുത്തതില്‍ തെറ്റുപറ്റിയെന്ന് വ്യക്തമാക്കി വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹരജി തീര്‍പ്പാക്കിയത്.
ബാറ്ററികളിലുപയോഗിക്കുന്ന ലെഡ് ഓക്സൈഡിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റില്‍ നികുതിയിളവ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് വിജിലന്‍സ് കേസെടുത്തതിനെതിരേ കോട്ടയം നീലംപേരൂര്‍ സ്വദേശി ബെന്നി എബ്രഹാം നല്കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."