വെടിനിര്‍ത്തല്‍ നീട്ടിയെന്ന് അഫ്ഗാന്‍; അംഗീകരിക്കില്ലെന്ന് താലിബാന്‍
കാബൂള്‍: താലിബാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടിയെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. പെരുന്നാളിനോട് അനുബന്ധിച്ച് താലിബാനുമായി മൂന്ന് ദിവസത്തേക്കുള്ള വെടിനിര്‍ത്തല്‍ കരാറാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമാധാന ശ്രമങ്ങളോട് താലിബാന്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കാര്യക്ഷമമായ ചര്‍ച്ചക്ക് താലിബാന്‍ തയാറാകണം. സമാധാന ചര്‍ച്ചയോടനുബന്ധിച്ച് എല്ലാവിധ നിര്‍ദേങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണ്. പെരുന്നാള്‍ താലിബാനും സര്‍ക്കാര്‍ സൈന്യവും ഒരുമിച്ചാണ് ആഘോഷിച്ചത്. സമാധാനത്തിന് തയാറാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നു അഫ്ഗാന്‍ ടെലിവിഷനിലൂടെ അഷ്‌റഫ് ഗനി പറഞ്ഞു. വെടിനിര്‍ത്തല്‍ കാലയളവില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് ചികിത്സാ, ജയിലിലുള്ള താലിബാന്‍ തടവുകാര്‍ക്ക് കുടുംബങ്ങളെ കാണാനുള്ള അവസരം തുടങ്ങിയവ ലഭ്യമാകും. വെടിനിര്‍ത്തലിനോടനുബന്ധിച്ച് താലിബാന്‍കാരെ ജയില്‍ മോചിതരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്ര ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്ന്് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ മാസം ആദ്യത്തിലാണ് താലിബാന്‍ നേതാക്കള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 2001ലെ യു.എസ് അധിനിവേഷത്തിനു ശേഷം ഇതാദ്യമായാണ് താലിബാന്‍ വെടിനിര്‍ത്തലിനു സന്നദ്ധമാകുന്നത്. തീരുമാനത്തെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തിരുന്നു.
എന്നാല്‍ സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ നീട്ടില്ലെന്ന് താലിബാന്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ ഞാറാഴ്ച രാത്രിയോടെ അവസാനിക്കുമെന്നും തങ്ങളുടെ പോരാട്ടം വീണ്ടും ആരംഭിക്കുമെന്നും താലിബാന്‍ വക്താവ് സബൈഹുല്ല മുജാഹിദ് വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ ശനിയാഴ്ചയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. താലിബാന്‍ നേതാക്കളും അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങളും പങ്കെടുത്ത ചടങ്ങളിന് നേരെ ഐ.എസാണ് ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."