വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍
കൊച്ചി: കുഴല്‍പ്പണ വിവാദവും അഭ്യന്തര ശൈഥില്യങ്ങളും കാരണം പറയാന്‍ രാഷ്ട്രീയമില്ലാതായപ്പോള്‍ വഖ്ഫ് കൈയേറ്റങ്ങളെ തങ്ങള്‍ക്കനുകൂലമായ വര്‍ഗീയ പ്രചാരണായുധമാക്കാന്‍ സംഘ്പരിവാര്‍. വഖ്ഫ് ബോര്‍ഡ് നിയമപരമായും സുതാര്യമായും സ്വീകരിക്കുന്ന നടപടികള്‍ പോലും വര്‍ഗീയമായി ചിത്രീകരിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമം. ഇതിന്റെ തുടക്കം, മുനമ്പം കൈയേറ്റ വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉപതെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നടത്തിയതിന് പിറകെ ഏറ്റവും പുതിയതായി വയനാട്ടിലെ മാനന്തവാടിയിലും വഖ്ഫ് ബോര്‍ഡ് കൈയേറ്റക്കാര്‍ക്ക് നോട്ടിസയച്ചത് ചര്‍ച്ചയാക്കിരിക്കുകയാണ് സംഘ്പരിവാര്‍.
വഖ്ഫ് ബോര്‍ഡ് നിയമപരമായി സ്വീകരിച്ചിരിക്കുന്ന ഈ നടപടിയെയാണ് കുടിയിറക്കല്‍ ഭീഷണി കേരളത്തിലാകെ വ്യാപിക്കാന്‍ പോകുന്നെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. വയനാട്ടിലെ ചള്‍ക്കാംകുനി പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 1940ല്‍ മഞ്ചേശ്വരം ഉദാരപറമ്പില്‍ മുച്ചിയില്‍ കുടുംബക്കാര്‍ പള്ളിക്കും ഖബര്‍സ്ഥാനും വേണ്ടി 5.77 ഏക്കര്‍ വഖ്ഫ് ചെയ്‌തെന്നാണ് മഹല്ല് കമ്മറ്റി അവകാശപ്പെടുന്നത്.
ഇതില്‍1.70 ഏക്കറില്‍ മദ്‌റസയും പള്ളിയും ഖബര്‍സ്ഥാനുമാണ്. ഈ വഖ്ഫ് ഭൂമിയില്‍ അഞ്ച് കുടുംബക്കാര്‍ സ്ഥലം കൈയേറി വീട് വച്ചുവെന്നാണ് ഹിദായത്തുല്‍ ഇസ്‌ലാം മഹല്ല് സെക്രട്ടറിയും പ്രസിഡന്റും വഖ്ഫ് ബോര്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മഹല്ലിന്റെ അന്വേഷണത്തില്‍ വഖ്ഫ് ഭൂമിയാണ് കൈയേറിയതെന്ന് കണ്ടെത്തിയെന്നാണ് 2022 ഒക്ടോബര്‍ 28ന് വഖ്ഫ് ബോര്‍ഡിന് പരാതി നല്‍കിയത്. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 2024 ജനുവരി ഒന്നിന് ഡിവിഷനല്‍ വഖ്ഫ് ഓഫിസര്‍ക്ക് സി.ഇ.ഒ നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈ മാസം 19ന് എതിര്‍കക്ഷികളോട് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് സി.ഇ.ഒ നോട്ടിസയച്ചത്.
വഖ്ഫ് ബോര്‍ഡ് സ്വീകരിച്ച ഈ നടപടിയെയാണ് രാഷ്ട്രീയ നേട്ടത്തിനായി മറ്റൊരു രീതിയില്‍ സംഘ്പരിവാര്‍ ചിത്രീകരിക്കുന്നത്. നാല് മുസ്‌ലിംകളും ഒരു ഹിന്ദുമത വിശ്വാസിയും ഭൂമി കൈയേറിയെന്നതാണ് പരാതി. ഇവര്‍ക്കാണ് നോട്ടിസ് നല്‍കിയിട്ടുള്ളതും. നിലവില്‍ ആയിരത്തിലധികം വഖ്ഫ് കൈയേറ്റക്കാര്‍ക്ക് കേരളത്തില്‍ ബോര്‍ഡ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വഖ്ഫ് ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേയുള്ള നിയമ നടപടികള്‍ പോലും മുനമ്പം പ്രശ്‌നം ഉയര്‍ത്തിക്കാട്ടി നേട്ടമുണ്ടാക്കാനാണ് സംഘ്പരിവാറിന്റെ വിഫലശ്രമം.
ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഉള്‍ചേര്‍ന്നു കിടക്കുന്ന വഖ്ഫ് നിയമങ്ങള്‍ എളുപ്പത്തിലൊന്നും പൊളിക്കാനാവില്ലെന്ന് സംഘ്പരിവാറിന് തന്നെ ബോധ്യമുണ്ട്. ഇതിനിടിയിൽ, കേന്ദ്രം വഖ്ഫ് ബില്ല് കൊണ്ടുവരുമ്പോള്‍ ഇത്തരത്തിലുള്ള കൈയേറ്റക്കാര്‍ക്കൊക്കെ ഭൂമി സ്വന്തമായി കിട്ടുമെന്ന വ്യാജ പ്രചാരണത്തിനാണ് ബി.ജെ.പി സംസ്ഥാനത്ത് തുടക്കമിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."