ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്
ടെൽ അവീവ്: ഇസ്രാഈലിന് നേരെ ശക്തമായ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല.ഇസ്രാഈലിനെ ലക്ഷ്യമിട്ട് 90-ലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല അയച്ചതെന്ന് അന്താരാഷട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇസ്രാഈലിന്റെ പ്രതിരോധ സംവിധാനമായ അയൺ ഡോം നിരവധി റോക്കറ്റുകളെ തടഞ്ഞെങ്കിലും തുറമുഖ നഗരമായ ഹൈഫയിൽ ഉൾപ്പെടെ വ്യാപകമായി റോക്കറ്റുകൾ പതിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ.
ഹിസ്ബുല്ല റോക്കറ്റാക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും പ്രദേശത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇസ്രാഈലി മാധ്യമങ്ങൾ റിപ്പോർട്ട്. ഹൈഫ ബേയിലെ ജനവാസ മേഖലകളിൽ റോക്കറ്റുകൾ പതിച്ചതിനെ തുടർന്ന് നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഗലീലി, കാർമിയൽ മേഖലകളെ ലക്ഷ്യമിട്ടും റോക്കറ്റാക്രമണം ഉണ്ടായി. ഗലീലി ലക്ഷ്യമിട്ടുണ്ടായ റോക്കറ്റാക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി ഇസ്രാഈൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. കാർമിയലിലും സമീപ നഗരങ്ങളിലും റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ഇസ്രാഈലിന് നേരെ ആക്രമണത്തിന് ഉപയോഗിച്ച ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചർ ടാർഗെറ്റഡ് ഡ്രോൺ ആക്രമണത്തിൽ നശിപ്പിച്ചതായി ഐഡിഎഫ് അവകാശപ്പെട്ടു.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പേജർ, വോക്കി-ടോക്കി ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രാഈലിന് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യമായി സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയിരിക്കുന്നത്. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകൾഇസ്രാഈൽ ലക്ഷ്യമിടുകയായിരുന്നു. സ്‌ഫോടക വസ്തുക്കൾ അടങ്ങിയ ആയിരക്കണക്കിന് പേജറുകൾ ലെബനനിലുടനീളം പൊട്ടിത്തെറിച്ച സംഭവത്തിൽ 40ഓളം പേർ കൊല്ലപ്പെടുകയും 3,000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."