മണലിപുഴയിലെ വെള്ളത്തിനു കറുപ്പുനിറം: നാട്ടുകാര്‍ ആശങ്കയില്‍
പുതുക്കാട്: മണലി പുഴയിലെ വെള്ളത്തിനു കറുത്ത നിറവും ദുര്‍ഗന്ധവും വന്നത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കുന്നു. നിരവധി ശുദ്ധജല പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന പുഴയിലെ വെള്ളമാണു മലിനമായിരിക്കുന്നത്. കാലവര്‍ഷം ശക്തമായതോടെയാണു തലോര്‍ കായല്‍ തോടിലൂടെ മലിനജലം ഒഴുകി കാച്ചകടവിലേക്കെത്തുന്നത്. തലോര്‍ കായല്‍ ഉള്‍പ്പെടുന്ന ദേശീയപാതയോരത്തെ പാടങ്ങളില്‍ നിന്നുള്ള ചാലുകളിലൂടെയാണു വെള്ളം ഒഴുകിയെത്തുന്നത്. പാടത്തേക്കു വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളും ദേശീയപാതയോരത്തു പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകളിലെ രാസമാലിന്യങ്ങളുമാണു പുഴയില്‍ എത്തുന്നതെന്നു നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് ഇത്തരത്തില്‍ നിറവ്യത്യാസമുള്ള വെള്ളം പുഴയിലേക്കു ഒഴുകിയെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു അന്നു അധികൃതര്‍ പുഴയിലെ വെള്ളം പരിശോധനക്ക് എടുത്തിരുന്നു. പാടത്തുള്ള ചണ്ടിയും പുല്ലും ചീഞ്ഞതിന്റെ അഴുക്കുവെള്ളമാണു പുഴയിലേക്കു എത്തുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. വെള്ളത്തിനു നിറവ്യത്യാസം ഉണ്ടെങ്കിലും ആശങ്കപെടേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാട്.
പാടത്തു തള്ളിയ രാസമാലിന്യമുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ മഴ ശക്തമാകുന്നതോടെ പുഴയിലേക്കു ഒഴുകിയെത്തുകയാണെന്നും ശാസ്ത്രീയമായ പരിശോധന നടത്തി പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും നാട്ടുകാര്‍ പറയുന്നു. നിറവ്യത്യാസമുള്ള വെള്ളം കലരുന്ന കാച്ചകടവില്‍ ഇറങ്ങുന്നവര്‍ക്ക് ചൊറിച്ചല്‍ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. എത്രയും വേഗം പുഴയിലെ വെള്ളം പരിശോധിച്ചു ജനങ്ങളുടെ ആശങ്കയകറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."