തൃക്കരിപ്പൂരില്‍ 'ബ്രസീലും അര്‍ജന്റീനയും' ഒപ്പത്തിനൊപ്പം
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'ബ്രസീല്‍ അര്‍ജന്റീന' മത്സരം കാണാനെത്തിയത് ആയിരങ്ങള്‍. കണ്ണൂര്‍-കാസര്‍കോട് ജില്ലാ ഫുട്ബോള്‍ ഫാന്‍ വാട്സ്ആപ്പ് കൂട്ടായ്മയാണ് സൂപ്പര്‍ ക്ലാസിക്കോ എന്ന പേരില്‍ പ്രമുഖ കളിക്കാരെ ഉള്‍പ്പെടുത്തി ബ്രസീല്‍-അര്‍ജന്റീന മത്സരം സംഘടിപ്പിച്ചത്.
മൈതാനത്തിന് ചുറ്റും ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍ ആര്‍പ്പുവിളികളുമായി പോരടിച്ചപ്പോള്‍ ചെന്നൈയിന് എഫ്.സി താരം മുഹമ്മദ് റാഫി, മുന്‍ ഇന്ത്യന്‍ താരം എം. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ അര്‍ജന്റീനയുടെ കുപ്പായമണിഞ്ഞ് ഇറങ്ങിയ ടീമിനെ ആദ്യ പകുതിയില്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്രസീല്‍ പടയാളികള്‍ പിടിച്ചുകെട്ടുകയായിരുന്നു.
കേരളത്തിന്റെ താരം അനസ് എടത്തൊടിക അര്‍ജന്റീനയുടെ കുപ്പായമിട്ട് കാണികള്‍ക്കൊപ്പം ചേര്‍ന്ന് അര്‍ജന്റീനയെ പ്രോത്സാഹിപ്പിച്ചു. മത്സരം ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. അനസ്, മുഹമ്മദ് റാഫി, എം. സുരേഷ്, രാഹുല്‍, അര്ജുന് പ്രദീപ് എന്നിവര്‍ക്ക് പൊലിസ് മേധാവി ഉപഹാരം നല്കി. പ്രശാന്ത് എടാട്ടുമ്മല്‍ അധ്യക്ഷനായി. അന്‍സാരി പടന്ന, ഷരീഫ് കാപ്പില്‍, അഖ്ദസ്, വി.പി.പി ശുഹൈബ്, ആദില്‍ കാരോളം, ഹേമന്ത് കണ്ണൂര്‍, പ്രിയേഷ് പയ്യന്നൂര്‍, സവാദ് പയ്യന്നൂര്‍, അക്ബര്‍ തൃക്കരിപ്പൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."