നോര്‍ക്കയുടെ വീഴ്ച; പ്രവാസികള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ കുരുക്ക്
തിരുവനന്തപുരം: മടക്കയാത്ര എന്നായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും തിരിച്ചു വരാനായുള്ള പ്രവാസികളുടെ രജിസ്‌ട്രേഷന് ഒട്ടും കുറവില്ല. തിരികെ നാട്ടിലേക്ക് വരാന്‍ വിപുലമായ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ നോര്‍ക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ധാരണയിലെത്താതിരുന്നതിനെ തുടര്‍ന്ന് മലയാളി പ്രവാസികള്‍ക്ക് രണ്ടു തവണ രജിസ്റ്റര്‍ ചെയ്യേണ്ട അവസ്ഥയിലെത്തിയിരിക്കുകാണ്.
പ്രവാസികള്‍ തിരികെ വരുമ്പോള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
കെ.എം.സി.സി പോലുള്ള പ്രവാസി സംഘടനകള്‍ തിരികെ വരുന്നവരുടെ കണക്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിരുല്‍സാഹപ്പെടുത്തിയ നോര്‍ക്ക കഴിഞ്ഞ ഞായറാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൂന്നര ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളില്‍ നിന്ന് നേരിട്ടു കണക്കുകള്‍ ശേഖരിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. അതത് രാജ്യങ്ങളിലെ എംബസികള്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. വരാനുള്ളവരില്‍ പ്രഥമ പരിഗണന ആര്‍ക്കെല്ലാം നല്‍കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ വീണ്ടും എംബസികളുടെ വെബ്‌സൈറ്റിലും രജിസ്റ്റര്‍ ചെയ്യണം.
നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും എംബസികള്‍ക്കും നല്‍കാന്‍ നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും പറഞ്ഞുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വിവര ശേഖരണം തുടങ്ങി. മടക്കയാത്ര ആസൂത്രണം ചെയ്യാന്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ എന്നും മടക്കയാത്ര സംബന്ധിച്ച മറ്റു തീരുമാനങ്ങള്‍ പിന്നീട് അറിയിക്കുമെന്നുമാണ് അബുദാബി ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കേരള സര്‍ക്കാരിന്റെ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യണമെന്ന് വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള എംബസികള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നോര്‍ക്കയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരും ദുബൈ കോണ്‍സുലേറ്റ് ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ, നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ അമര്‍ഷത്തോടെ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തുകയാണ്. തിരക്ക് മൂലം മിക്കയിടത്തും എംബസികളുടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനം ഇടയ്ക്കിടെ തകരാറിലാകുന്നതായും പരാതിയുണ്ട്.
മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്‌സൈറ്റുകളിലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. യു.എ.ഇയിലുള്ളവര്‍ https:www.cgidubai.gov.inovidregister എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും രജിസ്‌ട്രേഷന്‍ നടത്തണം.
വിദേശ പ്രവാസി രജിസ്‌ട്രേഷന്‍
മൂന്നര ലക്ഷം കവിഞ്ഞു;
ഇതരസംസ്ഥാന പ്രവാസികള്‍ 94,483
തിരുവനന്തപുരം: വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളില്‍ നിന്ന് ഇന്നലെ വരെ 3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍ നിന്നാണ്. 1,53,660 പേര്‍ ഇവിടെ നിന്ന് രജിസ്റ്റര്‍ ചെയ്തു. സഊദി അറേബ്യയില്‍ നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു.
മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫു നാടുകളില്‍ നിന്നാണ്. യു.കെയില്‍ നിന്ന് 2,112 പേരും അമേരിക്കയില്‍ നിന്ന് 1,895 പേരും ഉക്രൈയിനില്‍ നിന്ന് 1,764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്. കര്‍ണാടകയില്‍ 30,576, തമിഴ്‌നാട് 29,181, മഹാരാഷ്ട്ര 13,113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംസ്ഥാനം തിരിച്ചുള്ള കണക്ക്. തെലുങ്കാന 3,864, ആന്ധ്രാപ്രദേശ് 2,816, ഗുജറാത്ത് 2,690, ഡല്‍ഹി 2,527, ഉത്തര്‍പ്രദേശ് 1,813, മധ്യപ്രദേശ് 1,671, രാജസ്ഥാന്‍ 860, ഹരിയാന 689, പശ്ചിമ ബംഗാള്‍ 650, ഗോവ 632, ബീഹാര്‍ 605, പഞ്ചാബ് 539, പുതുച്ചേരി 401, ചത്തീസ്ഗഡ് 248, ഝാര്‍ഖണ്ഡ് 235, ഒഡീഷ 212, ഉത്തരാഖണ്ഡ് 208, ആസാം 181, ജമ്മു കശ്മീര്‍ 149, ലക്ഷദ്വീപ് 100, ഹിമാചല്‍ പ്രദേശ് 90, അരുണാചല്‍ പ്രദേശ് 87, ആന്‍ഡമാന്‍ നിക്കോബര്‍ 84, ദാദ്ര നാഗര്‍ഹവേലി ആന്‍ഡ് ദാമന്‍ ദിയു 70, മേഘാലയ 50, ചണ്ഢീഗഡ് 45, നാഗാലാന്‍ഡ് 31, മിസോറാം 21, സിക്കിം 17, ത്രിപുര 15, മണിപ്പൂര്‍ 12, ലഡാക്ക് 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."