വയനാട് മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം നടത്തി ഒരു വര്‍ഷമായിട്ടും നിര്‍മാണം തുടങ്ങിയില്ല
കല്‍പ്പറ്റ: ശിലാസ്ഥാപനം നടന്ന് ഒരു വര്‍ഷമായിട്ടും വയനാട് ഗവ.മെഡിക്കല്‍ കോളജിന്റെ നിര്‍മാണം തുടങ്ങിയില്ല. പ്രവൃത്തി എപ്പോള്‍ തുടങ്ങുമെന്ന ചോദ്യത്തിനു ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് മറുപടിയും ഇല്ല. നടപടികള്‍ പുരോഗതിയിലാണെന്നു പറഞ്ഞ് ഒഴിയുകയാണ്.
കല്‍പ്പറ്റയില്‍നിന്നു ആറ് കിലോമീറ്റര്‍ അകലെ കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു സര്‍ക്കാര്‍ ദാനമായി സ്വീകരിച്ച 50 ഏക്കറില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്.
ചികിത്സാരംഗത്ത് പിന്നാക്കം നില്‍ക്കുന്ന വയനാട്ടില്‍ മെഡിസിറ്റിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ആദ്യഘട്ടം നിര്‍മാണം മൂന്നു മാസത്തിനകം തുടങ്ങുമെന്നും മുഖ്യമന്ത്രി അന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ 2016ന്റെ ആദ്യപകുതി കഴിഞ്ഞിട്ടും നിര്‍ദിഷ്ട മെഡിക്കല്‍ കോളജിലേക്കുള്ള റോഡിന്റെ പണിപോലും തുടങ്ങിയില്ല.
ദാനഭൂമിയിലും ഇവിടേക്ക് നിര്‍മിക്കേണ്ട വഴിയിലും നിന്നിരുന്ന കോടിക്കണക്കിനു രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ചുകടത്തിയതുമാത്രമാണ് മെഡിക്കല്‍ കോളജ് നിര്‍മാണത്തില്‍ ഇതിനകം ഉണ്ടായ പുരോഗതി. കല്‍പ്പറ്റ-മാനന്തവാടി സംസ്ഥാനപാതയിലെ മുരണിക്കരയില്‍നിന്നു 1.8 കിലോമീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമാണ് മെഡിക്കല്‍ കോളജ് സൈറ്റിലേക്ക് പാത പണിയേണ്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു മുന്നണികള്‍ ഉപയോഗപ്പെടുത്തിയ മുഖ്യവിഷയങ്ങളിലൊന്നായിരുന്നു വയനാട് മെഡിക്കല്‍ കോളജ്. ജനവിധി അനുകൂലമായാല്‍ മെഡിക്കല്‍ കോളജ് സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായിരുന്ന ജനതാദള്‍-യുവിലെ എം.വി ശ്രേയാംസ്‌കുമാര്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ പലവട്ടം ആവര്‍ത്തിക്കുകയുണ്ടായി.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നപക്ഷം മെഡിക്കല്‍ കോളജ് നിര്‍മാണം വികസന അജന്‍ഡയിലെ ആദ്യ ഇനമായിരിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.എം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ എം.എല്‍.എയുമായ സി.കെ ശശീന്ദ്രനും പ്രസ്താവിച്ചതാണ്. ശിലാസ്ഥാപനത്തിനു മുന്‍പ്, എവിടെ മെഡിക്കല്‍ കോളജ് എന്ന് അട്ടഹസിച്ചുനടന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിനും നിലവില്‍ മിണ്ടാട്ടമില്ല. ആരോഗ്യവകുപ്പിലെ ഉന്നതരും മൗനത്തിലാണ്. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് മെഡിക്കല്‍ കോളജ്.
ഈ ബജറ്റില്‍ കോന്നി, ഇടുക്കി, മഞ്ചേരി, ബദിയടുക്ക മെഡിക്കല്‍ കോളജുകളും ഇടംപിടിച്ചിരൂന്നു. ഇതില്‍ വയനാട്ടിലേതിനാണ് തീര്‍ത്തും ദുര്‍ഗതി.
വയനാട് മെഡിക്കല്‍ കോളജിനായി ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭൂദാനം സ്വീകരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ നടപടിയിലെ അവ്യക്തത നീങ്ങിയിട്ടില്ല. ട്രസ്റ്റ് ദാനംചെയ്ത 50 ഏക്കര്‍ വൈത്തിരി താലൂക്കിലെ കോട്ടത്തറ വില്ലേജില്‍ പുതിയ സര്‍വേ നമ്പര്‍ 2241ല്‍ ബ്ലോക്ക് നമ്പര്‍ 11ല്‍പ്പെട്ട 105.44 ഏക്കര്‍ രജിസ്‌ട്രേഡ് കാപ്പിത്തോട്ടത്തിന്റെ ഭാഗമാണ്. ഈ ഭൂമിക്ക് ക്രയസര്‍ട്ടിഫിക്കറ്റ് അനുവദിച്ച കല്‍പ്പറ്റ ലാന്‍ഡ് ട്രിബ്യൂണല്‍ നടപടി കെ.എല്‍.ആര്‍ ആക്ട് വകുപ്പ് 2(7), (8), 11, 56 എന്നിവയ്ക്കും വെസ്റ്റിങ് ആന്റ് അസൈന്‍മെന്റ് റൂള്‍ 13നും വിരുദ്ധമായാണെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ക്രയസര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യാനായി കണ്ണൂര്‍ അപ്പ്‌ലറ്റ് അതോറിറ്റിയില്‍ കേസ് നല്‍കി നമ്പര്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ച് 2013 ഒക്‌ടോബര്‍ 26ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എല്‍.ബി.(എ) 3-940613(1) നമ്പരായി വയനാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ കോട്ടത്തറ വില്ലേജില്‍ 50 എക്കര്‍ ദാനമായി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."