ഖത്തറില്‍ രണ്ടു മരണം കൂടി: കൊവിഡ് രോഗികള്‍ 13000 കടന്നു, എണ്ണം വര്‍ധിക്കുന്നത് തുടരുമെന്ന് ആരോഗ്യ മന്ത്രാലയം
ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. 687 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
96 വയസ്സും 40 വയസ്സുമുള്ള പ്രവാസികളാണ് ഇന്നു മരിച്ചത്. നേരത്തേ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ഇവര്‍ ഐസിയുവില്‍ ചികില്‍സയിലിരിക്കേയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണ സംഖ്യ 12 ആയി. ഇന്ന് 687 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 13,251 ആയി. 64 പേര്‍ക്കാണ് പുതുതായി രോഗം സുഖപ്പെട്ടത്. രോഗം ഭേദമായവരുടെ എണ്ണം 1,436 ആയി.
അതേ സമയം ഖത്തറില്‍ കൊറോണ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് ഏതാനും നാള്‍ കൂടി തുടരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മിക്ക രാജ്യങ്ങളിലും നില മെച്ചപ്പെടുന്നതിന്റെ മുമ്പ് രോഗബാധിതരുടെ പ്രതിദിന സംഖ്യയില്‍ കുത്തനെയുള്ള വര്‍ധന കണ്ടിട്ടുണ്ടെന്ന് കോവിഡ് 19 സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും രോഗം ഗുരുതരമാവുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുറയുന്നത് ആശാവഹവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറില്‍ കോവിഡ് ബാധിതരില്‍ ഭൂരിഭാഗത്തിനും ഫ്ളു പോലുള്ള ലക്ഷണങ്ങള്‍ മാത്രമാണ് കാണുന്നത്. ഇത് പെട്ടെന്ന് സുഖപ്പെടുകയും ചെയ്യുന്നുണ്ട്. 1000 രോഗികള്‍ പൂര്‍ണസുഖം പ്രാപിച്ചു എന്നതാണ് ഈ ആഴ്ച്ച എത്തിച്ചേരാന്‍ സാധിച്ച സുപ്രധാന നാഴിക്കക്കല്ല. ഇത് ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക അകലം പാലിക്കുന്നത് വൈറസ് ബാധ തടഞ്ഞിട്ടില്ല. എന്നാല്‍, രോഗം പകരുന്നതിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുവഴി രോഗബാധിതര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ചികില്‍സ ഒരുക്കാനും സാധിച്ചു.
സാഹചര്യം അനനുകൂലമാവുന്നതു മുതല്‍ ജനജീവിതം സാധാരണഗതിയിലാവുന്നതാണ്. എന്നാല്‍, അത് ഘട്ടംഘട്ടമായുള്ള ഒരു പ്രവര്‍ത്തനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."