പ്രവാസികളുടെ നിർദേശങ്ങളും പരാതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും: രമ്യ ഹരിദാസ് എംപി
റിയാദ്: കൊവിഡ്-19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രവാസലോകത്ത് കുടുങ്ങിപ്പോയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഒഐസിസി തൃശൂര്‍ ജില്ല കമ്മിറ്റി ആലത്തൂര്‍ എം.പി രമ്യ ഹരിദാസുമായി ചർച്ച നടത്തി. വെർച്വൽ സംവിധാനത്തിൽ നടന്ന പരിപാടിയിൽ നിര്‍ദേശങ്ങളും പരാതികളും എം.പിയുടെ ശ്രദ്ധയില്‍പെടുത്തി.
യാത്രാനിയന്ത്രണങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഗർഭിണികൾ, രോഗികൾ, വിസിറ്റ് വിസ കാലാവധി തീർന്നവർ, ജോലി നഷ്ടപ്പെട്ട് ഫൈനൽ എക്സിറ്റ് കാത്തുനിൽക്കുന്നവർ, തൊഴിൽ കരാർ തീർന്നവർ, നാട്ടിലെത്തുന്ന വിദ്യാര്‍ഥികളുടെ തുടര്പഠനത്തിലുള്ള അഡ്മിഷന് അടക്കമുള്ള കാര്യങ്ങള്‍ എന്നിവ എംപി യുടെ ശ്രദ്ധയിൽ പെടുത്തി. എംബസിയുടെ കീഴിലുള്ള സ്കൂളുകളില്‍ ഫീസുകള്‍ കുറച്ചിട്ടും ഇന്ത്യൻ മാനേജ്മെന്റുകളിലുള്ള സ്വകാര്യ സ്കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്ന വിഷയവും ഉന്നയിക്കപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകൾ അലംഭാവം വെടിയണമെന്നും അക്കാര്യത്തിൽ സമ്മർദം ചെലുത്തണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
യാത്രാപ്രശ്നമടക്കം എല്ലാ വിഷയങ്ങളും വിദേശകാര്യ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്താമെന്ന് രമ്യ ഹരിദാസ് എം.പി വ്യക്തമാക്കി. ഇതിനുവേണ്ടി കേരളത്തിലെ 20 എം.പിമാരും ഒറ്റക്കെട്ടായിനിന്ന് പോരാടുമെന്ന് ഉറപ്പും നല്കി. ജില്ല പ്രസിഡൻറ് സുരേഷ് ശങ്കര്‍ സംവാദം നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുംബ്ല, അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, റസാക്ക് പൂക്കോട്ടുംപാടം, ഷാജി സോനാ, സത്താര്‍ കായംകുളം, ഷിഹാബ് കൊട്ടുകാട്, അഷ്റഫ് വടക്കേവിള, നാസര്‍ കല്ലായി ജയമോള്‍, വല്ലി ജോസ്, ഷഫീക്ക് കിനാല്ലൂര്‍, ഉബൈദ് എടവണ്ണ, ജയന് കൊടുങ്ങല്ലൂര്‍, ഫൈസൽ തങ്ങൾ, സോണി പാറക്കൽ, നാസർ വലപ്പാട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."