പ്ലാസ്മ ദാനം ചെയ്ത 300 തബ്‌ലീഗ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് ട്വീറ്റ്; കര്‍ണാടക ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ കാരണംകാണിക്കല്‍ നോട്ടീസ്
ബംഗളൂരു: തബ്‌ലീഗി ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിന് കര്‍ണാടകയിലെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മുഹ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ്. കൊവിഡ് മുക്തരായ തബ്‌ലീഗ് പ്രവര്‍ത്തകര്‍ പ്ലാസ്മ ദാനം നടത്തിയതിനെ അഭിനന്ദിച്ചാണ് മുഹ്‌സിന്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റിനെ കര്‍ണാടക സര്‍ക്കാര്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് നടപടി.
'മുന്നൂറിലേറെ തബ്‌ലീഗീ ഹീറോകള്‍ രാജ്യത്തെ സേവിക്കാന്‍ വേണ്ടി പ്ലാസ് ദാനം ചെയ്തിരിക്കുന്നു. മീഡിയ എന്തു പറയുന്നു? ഈ ഹീറോകള്‍ ചെയ്യുന്ന മാനുഷിക പ്രവര്‍ത്തനങ്ങളെ അവര്‍ കാണിക്കില്ല'- ഏപ്രില്‍ 27ന് മുഹമ്മദ് മുഹ്‌സിന്‍ ട്വീറ്റ് ചെയ്തു.
ഇതിനെതിരെയാണ് കാരണം കാണിക്കല്‍ നോട്ടീസ്. കാരണം കാണിക്കാന്‍ അദ്ദേഹത്തിന് അഞ്ചു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ഓള്‍ ഇന്ത്യ സെര്‍വീസ് റൂള്‍ (1968) പ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിക്കാന്‍ ഉത്തരവിട്ട ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‌സിന്‍. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ കുറച്ച് കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഡല്‍ഹി നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊവിഡ് വൈറസ് പടര്‍ന്നിരുന്നു. ഇതിനു പിന്നാലെ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് നടന്നിരുന്നു. സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളും കൊവിഡ് വ്യാപനത്തെ തബ്‌ലീഗുമായി ബന്ധപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."