പ്രവാസികളോട് സര്‍ക്കാരിന് നിഷേധാത്മക നിലപാട്: എം.കെ മുനീര്‍
കോഴിക്കോട്: പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വാചകമടിക്കപ്പുറം സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിഷേധാത്മകവും വഞ്ചനാപരവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. ഹൈക്കോടതിയിലെ കേസില്‍ എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ ഒളിച്ചുകളിക്കുന്നത് ദുരൂഹമാണ്. സുപ്രിം കോടതിയില്‍ വിഷയം വന്നതിനാല്‍ പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ കെ.എം.സി.സി ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സ്വീകരിക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതു നിരാകരിച്ച് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ മാസം 24ലെ വിധിയിലെ നാലാം കോളത്തില്‍ കൃത്യമായ വിവരങ്ങളാണ് കോടതി ആരാഞ്ഞത്. തിരിച്ചെത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയേണ്ട കെട്ടിടങ്ങള്‍ക്കു പുറമെ, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെയെല്ലാം കൃത്യമായ വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് കോടതി നാലാം ഘട്ടത്തില്‍ ആവശ്യപ്പെട്ടിട്ടു പോലും ഒരാഴ്ച പിന്നിട്ടു. തിരിച്ചെത്തുന്നവരെ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം പോലും കൈവശമില്ലെന്നാണ് വിവരം. റാപ്പിഡ് ടെസ്റ്റിനു പകരം കൃത്യതയുള്ള റാന്റം ടെസ്റ്റിനുള്ള സൗകര്യത്തെക്കുറിച്ചു പോലും സര്‍ക്കാരിനു വ്യക്തതയില്ല.
ജനങ്ങള്‍ക്കു മുന്നില്‍ വന്ന് വാചകക്കസര്‍ത്ത് നടത്തുന്നതുപോലെയല്ല കാര്യങ്ങളെന്നും ഒരു ഒരുക്കവും നടത്തിയിട്ടില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനമെന്ന് ഇതോടെ വ്യക്തമാവുകയാണ്. എല്ലാം കഴിഞ്ഞ് അവസാനം മാത്രമേ പ്രവാസികളുടെ തിരിച്ചുവരവ് പരിഗണിക്കേണ്ടതുള്ളൂവെന്ന കേരള സര്‍ക്കാര്‍ നിലപാടാണ് കേന്ദ്രം പോലും പിടിവള്ളിയാക്കിയതെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."