ഏറ്റുമാനൂര്‍ നഗരസഭ; യു.ഡി.എഫില്‍ നിന്നും ഭരണം പിടിക്കാന്‍ കരുക്കള്‍ മെനഞ്ഞ് എല്‍.ഡി.എഫ്
ബി.എസ്.കുമാര്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ മൂന്നാമത്തെ ചെയര്‍മാനും രാജിവെച്ചതിന് പിന്നാലെ ശേഷിക്കുന്ന കാലം ഭരണം പിടിച്ചെടുക്കാനുള്ള കരുനീക്കങ്ങളുമായി എല്‍ഡിഎഫ് രംഗത്ത്. അടുത്ത ചെയര്‍മാനായി കേരളാ കോണ്‍ഗ്രസ് പ്രതിനിധി വരുന്നതില്‍ യുഡിഎഫിലെ ചില അംഗങ്ങള്‍ക്കുള്ള അമര്‍ഷം കൂടി കണക്കിലെടുത്താണ് എല്‍ഡിഎഫ് അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്വതന്ത്ര കൂട്ടുകെട്ടില്‍ ഭരണം പിടിച്ചെടുത്ത യുഡിഎഫിന് നഗരസഭാ ഭരണം കല്ലുകടിയായി മാറിയ സാഹചര്യം മുതലെടുത്ത് കൂടിയാണ് എല്‍ഡിഎഫിന്റെ നീക്കം.
കഴിഞ്ഞദിവസം രാജിവെച്ച ചെയര്‍മാന്‍ ജോയി ഊന്നുകല്ലേലിനെ തന്നെ മത്സരരംഗത്തിറക്കി ഭരണം തങ്ങളുടെ തട്ടകത്തിലെത്തിക്കാനും എല്‍ഡിഎഫ് ശ്രമിക്കുന്നുണ്ട്. മുന്‍ധാരണപ്രകാരം ജനുവരി 30ന് രാജിവെയ്‌ക്കേണ്ട ജോയ് ഊന്നുകല്ലേല്‍ അടുത്ത രണ്ട് വര്‍ഷം ചെയര്‍മാന്‍ സ്ഥാനം പങ്കിടേണ്ട കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് വ്യാഴാഴ്ച രാജി സമര്‍പ്പിച്ചത്. രണ്ടാം വാര്‍ഡില്‍ (കുരീച്ചിറ) നിന്നും സ്വതന്ത്രനായി ജയിച്ച ജോയി ഊന്നുകല്ലേലിനെ വീണ്ടും അധികാരത്തിലേറ്റുകയും മറ്റ് മൂന്ന് സ്വതന്ത്രരെ കൂടി ഒപ്പം നിര്‍ത്തുകയും ചെയ്ത് ഭരണം കൈപ്പിടിയിലൊടുക്കാനുള്ള എല്‍ഡിഎഫ് നീക്കം തടയിടാനുള്ള ശ്രമവും ഇപ്പുറത്ത് നടക്കുന്നുണ്ട്.
ഭരണം യുഡിഎഫിനാണെങ്കിലും സ്ഥിരം സമിതികളില്‍ പ്രധാനമായത് രണ്ടെണ്ണത്തിലും സിപിഎം പ്രതിനിധികളാണ് ചെയര്‍മാന്‍മാര്‍. വികസനകാര്യത്തില്‍ പി.എസ്.വിനോദും ആരോഗ്യകാര്യസ്ഥിരം സമിതിയില്‍ ടി.പി.മോഹന്‍ദാസും. എല്‍ഡിഎഫ് അംഗം അല്ലെങ്കില്‍ കൂടി എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന ഒരാള്‍ നഗരസഭാ ചെയര്‍മാനായാല്‍ ഫലത്തില്‍ നിയന്ത്രണം എല്‍ഡിഎഫിന്റെ കരങ്ങളിലാകും. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും സ്വതന്ത്രന്‍ പരിഗണിക്കപ്പെട്ടാല്‍ ബിജെപി അംഗങ്ങളും സഹകരിക്കും എന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.
ഏറ്റുമാനൂരില്‍ 'മാറ്റത്തിന്റെ കൊടുങ്കാറ്റ്' എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ ജോയ് ഊന്നുകല്ലേലിന് താന്‍ സ്വപ്നം കണ്ട പദ്ധതികള്‍ പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തിക്കാനായിരുന്നില്ല. അതു കൊണ്ടു തന്നെ മനസ്സില്ലാ മനസോടെയാണ് രാജി നല്‍കിയതും. ഇത് മുതലാക്കിയുളള എല്‍ഡിഎഫിന്റെ നീക്കം വിജയിച്ചാല്‍ നിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്റെ കസേരക്കും ഇളക്കം തട്ടും. തങ്ങളുടെ പ്രതിനിധി ചെയര്‍മാനായാല്‍ തുടര്‍ന്നുള്ള കാലം സ്വതന്ത്ര അംഗങ്ങളായ ബീനാ ഷാജി, റീത്താമ്മ എന്നിവര്‍ക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കിട്ട് നല്‍കാം എന്ന നിലപാടിലാണ് എല്‍ഡിഎഫ്.
മുന്‍ ധാരണപ്രകാരം ശേഷിക്കുന്ന കാലയളവില്‍ രണ്ട് പേരാണ് ചെയര്‍മാന്‍ സ്ഥാനത്തെത്തേണ്ടത്. ആദ്യഒരു വര്‍ഷം 24-ാം വാര്‍ഡില്‍ (കണ്ടംചിറ) നിന്നുമുള്ള കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ട്, അവസാനവര്‍ഷം ഒമ്പതാം വാര്‍ഡില്‍ (പുന്നത്തുറ) നിന്നുമുള്ള കോണ്‍ഗ്രസ് അംഗം ബിജു കൂമ്പിക്കന്‍ എന്നിവര്‍ കസേര പങ്കിടണം എന്നതാണ് ധാരണ. മൂന്ന് ചെയര്‍മാന്‍മാരുടെ സ്ഥാനാരോഹണത്തിനിടെ നാല് മാസങ്ങള്‍ ഇപ്പോള്‍തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. കേരളാ കോണ്‍ഗ്രസ് പ്രതിനിധി ജോര്‍ജ് പുല്ലാട്ട് ഒരു വര്‍ഷം തികയുന്ന ദിവസം രാജി വെച്ചാല്‍ തന്നെ ഫലത്തില്‍ ബിജു കൂമ്പിക്കന് ഭരിക്കാന്‍ ലഭിക്കുക വെറും ഏഴ് മാസങ്ങളായിരിക്കും. ഇതിനിടെയാണ് ഇനി അധികാരത്തിലേറുന്ന ജോര്‍ജ് പുല്ലാട്ട് കോണ്‍ഗ്രസിനു വേണ്ടി കസേര ഒഴിയില്ലെന്ന പ്രചരണം ഇടതുപാളയത്തില്‍ നിന്നുണ്ടാവുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലം കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കേണ്ടി വന്നാല്‍ അത് മുതലെടുത്ത് ഇനി ഭരണത്തിലേറുന്ന കേരളാ കോണ്‍ഗ്രസ് കസേരയില്‍ ഉറച്ചിരിക്കും എന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. ഇതേ മനോഭാവമുള്ള ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും എല്‍ഡിഎഫിന്റെ അഭിപ്രായത്തോട് യോജിച്ചതോടെയാണ് ഭരണം അട്ടിമറിക്കാനുള്ള സാധ്യതകള്‍ ഉരുതിരിഞ്ഞത്.
മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, സിപിഎം - 11, സിപിഐ - 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയായിരുന്നു. ജയിംസ് തോമസ് രാജിവെച്ചപ്പോള്‍ ഒരു മാസത്തോളം വൈസ് ചെയര്‍പേഴ്‌സണായിരുന്ന കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബിയ്ക്കായിരുന്നു ചാര്‍ജ്. മുന്‍ധാരണപ്രകാരം റോസമ്മ പിന്നീട് രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്‍ വൈസ് ചെയര്‍പേഴ്‌സണായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."