വ്രതവിശുദ്ധിയുടെ നിറവില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
കോഴിക്കോട്: കനത്ത മഴയിലും ആഹ്ലാദത്തോടെ വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മീയ ചൈതന്യവുമായാണ് മുസ്‌ലിംലോകം ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്. മുതിര്‍ന്നവര്‍ക്കൊപ്പം ചെറിയ കുട്ടികളും പുതുവസ്ത്രങ്ങളണിഞ്ഞ് തക്ബീര്‍ ധ്വനികള്‍ മുഴക്കി പള്ളികളിലെത്തി. നിസ്‌കാരത്തിനു ശേഷം പരസ്പരം ഈദ് ആശംസകള്‍ കൈമാറിയും ആശ്ലേഷിച്ച് സൗഹൃദം പുതുക്കിയുമാണു പിരിഞ്ഞത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഖബറുകള്‍ സന്ദര്‍ശിച്ച അവര്‍ക്കായി പ്രാര്‍ഥന നടത്താനും മിക്കവരും സമയം കണ്ടെത്തി.
തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും വീടുകളിലെത്തി കുടുംബ ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും സ്‌നേഹവും ഊട്ടി അതിഥികളെ സല്‍ക്കരിച്ചു. രാവിലെ മുതല്‍ കനത്ത മഴ പെയ്‌തെങ്കിലും പള്ളികളിലേക്കോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനോ ഇത് തടസ്സമായില്ല.
അതേസമയം ദീര്‍ഘദൂരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ മിക്കവരും മാറ്റിവച്ചു. എന്നാല്‍ കോഴിക്കോട് ബീച്ചിലും മാനാഞ്ചിറയിലും പെരുന്നാള്‍ സായാഹ്നം ആസ്വദിക്കാന്‍ കുടുംബസമേതം നിരവധി പേരെത്തി. മാനാഞ്ചിറയിലും ബീച്ചിലും ഇന്നലെയും സന്ദര്‍ശകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.ഗള്‍ഫുനാടുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന ബന്ധുക്കള്‍ക്കും നാട്ടിലുള്ളവര്‍ക്കും ഒരേ ദിവസം പെരുന്നാള്‍ ആഘോഷിക്കാനായതും ആഹ്ലാദമേറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളും കൂട്ടിരിപ്പുകാര്‍ക്കുമായി പെരുന്നാള്‍ ഭക്ഷണം നല്‍കി സി.എച്ച് സെന്റര്‍ പെരുന്നാള്‍ ദിനത്തില്‍ കാരുണ്യത്തിന്റെ മാതൃകയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."