മെഡിക്കല്‍ കോളജില്ലാതെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം രാഷ്ട്രീയ തട്ടിപ്പ്: കോണ്‍ഗ്രസ്
തൊടുപുഴ: 2014 സെപ്തംബര്‍ 18ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആരംഭിച്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ കുട്ടികളെ തിരികെയെത്തിക്കാതെയും അധ്യയനം ആരംഭിക്കാതെയും അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. പഠിക്കുന്ന കുട്ടികളും അധ്യാപക പാരാമെഡിക്കല്‍ സ്റ്റാഫുകളുമില്ലാതെ എന്ത് അക്കാദമിക്ക് ബ്ലോക്കാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
എല്‍.ഡി.എഫ് ആരോപിക്കുന്നതുപോലെ താല്‍ക്കാലിക ഷെഡില്‍ അല്ല മെഡിക്കല്‍ കോളജ് ആരംഭിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മൂന്നുനില മന്ദിര സമുച്ചയം നവീകരിച്ചാണ് കോളജ് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ ആദ്യവര്‍ഷം യൂനിവേഴ്സിറ്റി പരീക്ഷ എഴുതിയപ്പോള്‍ മറ്റു മെഡിക്കല്‍ കോളജുകളെ പിന്നിലാക്കി 98 ശതമാനം വിജയവും ഇടുക്കി നേടുകയുണ്ടായി. 2015ലും ഇത് ആവര്‍ത്തിച്ചു.
മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ ഒരു നിശ്ചിത കാലയളവിനുള്ളില്‍ പരിഹരിക്കാം എന്ന ഉറപ്പു എഴുതിനല്കാന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറായില്ല. പാരിസ്ഥിതിക അനുമതിയുടെ പേരിലുള്ള തടസമുണ്ടായി എന്നത് പച്ചക്കള്ളമാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ആനുപാതികമായി സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് തുടങ്ങിയ പാരാ മെഡിക്കല്‍ തസ്തികകളുടെ എണ്ണം ഒന്നുപോലും വര്‍ധിപ്പിച്ചില്ല. 2017ലും 2018ലും കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കുമെന്ന് വാക്കുപറഞ്ഞ എം.പി ജോയ്സ് ജോര്‍ജിനും അത് പാലിക്കാന്‍ കഴിഞ്ഞില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."