പച്ചക്കറി സ്വയം പര്യാപ്തത: ജില്ലയില്‍ പൊലിവ് പദ്ധതിക്ക് ഇന്നു തുടക്കം
കാഞ്ഞങ്ങാട്: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തതയും ഗുണമേന്‍മയും ഉറപ്പാക്കുക, ഓണത്തിനു വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ ജില്ലയിലെ 11000 കുടുംബശ്രീ അയല്‍ക്കൂട്ടവും ബാലസഭയും ചേര്‍ന്ന് 120 ഹെക്ടറില്‍ ഇന്നും നാളെയുമായി കൃഷിയിറക്കും. പൊലിവ് എന്നു പേരിട്ട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിനു അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ നാട്ടക്കല്ലില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാര്‍ പങ്കെടുക്കും.
ഓരോ അയല്‍കൂട്ടവും കുറഞ്ഞതു മൂന്നു സെന്റ് സ്ഥലത്ത് കൃഷിയിറക്കും. ബാലസഭാ അംഗങ്ങളെകൂടി പൊലിവ് - കാര്‍ഷിക കൂട്ടായ്മയില്‍ പങ്കാളികളാക്കി കുട്ടികളുടെയിടയില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കും. ഓണത്തോടനുബന്ധിച്ചു വിളകള്‍ പാകമാകുന്ന വിധത്തിലാണു കൃഷി നടത്തുന്നത്. ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പയര്‍, വെണ്ട, മുളക്, ചീര, വഴുതന തുടങ്ങിയ ഇനങ്ങളാണു കൃഷി ചെയ്യുന്നത്.
ഇന്നു നടക്കുന്ന വിത്തു വിതയ്ക്കലോടെ കുടുംബശ്രീ പതിനെട്ടാം വാര്‍ഷികത്തിനും തുടക്കമാവും. വാര്‍ഷികം വിളവെടുപ്പ് നടത്തുന്ന സെപ്തംബര്‍ 15 വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ അയല്‍കൂട്ട തലത്തില്‍ ശുദ്ധജലം, മാലിന്യസംസ്‌കരണം, വൃത്തിയുള്ള പരിസരം, നല്ല ജീവിത ശൈലി, നല്ല ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിക്കും. വാര്‍ഡ്തലത്തിലും പഞ്ചായത്ത്, നഗരസഭാതലത്തിലും കാര്‍ഷിക മേളകളും സെമിനാറുകളും നടത്തും.
ഈ മാസം 24 ന് ജില്ലയിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."