ലക്ഷ്യം വടകരയിലെ വിജയം
കോഴിക്കോട്: ആര്‍.എം.പിയെ വീണ്ടും യു.ഡി.എഫിലേക്കു ക്ഷണിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ദിവസം കാസര്‍കോട്ട് ആര്‍.എം.പിയെ മുന്നണിയിലേക്ക് ക്ഷണിച്ച് പ്രസ്താവനയിറക്കിയതിനു പിന്നാലെ ഇന്നലെ കോഴിക്കോട്ടു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുല്ലപ്പള്ളി നിലപാട് ആവര്‍ത്തിച്ചത്.
ആര്‍.എം.പിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പ്രവേശനത്തിനായി ആര്‍എം.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍ ആര്‍.എം.പി ഒരു മതേതര കക്ഷിയാണ്. ഇത്തരം കക്ഷികള്‍ ഒന്നിക്കേണ്ട കാലമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം മുല്ലപ്പള്ളി ആര്‍.എം.പിയെ യു.ഡി.ഫിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പ്രസ്താവനയിറങ്ങി അല്‍പസമയത്തിനു ശേഷം തന്നെ ഒരു മുന്നണിയിലേക്കുമില്ലെന്ന പ്രഖ്യാപനവുമായി ആര്‍.എം.പി രംഗത്തെത്തിയിരുന്നു. യു.ഡി.എഫുമായി സഹകരണമുണ്ടാക്കേണ്ടതില്ലെന്ന് പാര്‍ട്ടിയുടെ നേരത്തെയുള്ള നിലപാടാണെന്നാണ് ആര്‍.എം.പി നേതാക്കള്‍ പറയുന്നത്.
കൂടാതെ കേന്ദ്രത്തില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേയും കേരളത്തില്‍ സിപിഎമ്മിന്റെ കൊലപാതക രാഷട്രീയത്തിനെതിരേയുമാണ് നിലകൊള്ളുകയെന്നും ആര്‍.എം.പി വ്യക്തമാക്കിയിരുന്നു. സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരേയുള്ള പോരാട്ടത്തില്‍ സമാനചിന്താഗതിക്കാരുമായി സഹകരിക്കുമെന്നും എന്നാല്‍ അതൊരിക്കലും ഏതെങ്കിലും മുന്നണിയിലേക്കുള്ള പ്രവേശനമായിരിക്കില്ലെന്നുമാണ് ആര്‍.എം.പിയുടെ നിലപാട്.
എന്നാല്‍,കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വടകരയില്‍ അവിടെ കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടിയായ ആര്‍.എം.പിയെ കൂടെ നിര്‍ത്തിയാല്‍ സീറ്റ് നിലനിര്‍ത്താമെന്ന കണക്കുകൂട്ടലാണ് മുല്ലപ്പള്ളി വീണ്ടും നിലപാട് ആവര്‍ത്തിക്കാന്‍ കാരണം. കൂടാതെ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് എല്‍.ജെ.ഡിയായതോടെ വടകരയിലെ വോട്ട് കറയുമെന്ന കണക്കുകൂട്ടലുമുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് ആര്‍.എം.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ഇതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിയെ ഒപ്പം ചേര്‍ക്കാനുള്ള മുല്ലപ്പള്ളിയുടെ തന്ത്രമാണെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയ്ക്ക് 20,504 വോട്ടുകള്‍ ലഭിച്ചിരുന്നു. മേഖലയില്‍ പാര്‍ട്ടിക്കു രാഷ്ട്രീയ സ്വാധീനമുണ്ടെന്നതിന്റെ തെളിവാണിത്.
ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍.എം.പിക്ക് അന്ന് കഴിഞ്ഞിരുന്നു. ആര്‍.എം.പി ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളിയാകും.
വടകരയില്‍ ആര്‍.എം.പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. മത്സര രംഗത്തില്ലെങ്കില്‍ ആര്‍.എം.പി പ്രവര്‍ത്തിക്കുന്നത് എല്‍.ഡി.എഫിന് എതിരായിട്ടായിരിക്കും. ഈ സാഹചര്യം മുതലെടുക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. വടകരയില്‍ ആര്‍.എം.പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സി.പി.എം വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കും. ഇതൊഴിവാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ആര്‍.എം.പിയെ മുന്നണിയില്‍ ചേര്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാടിനോട് യോജിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."