തട്ടിപ്പുകേസ്: നെതന്യാഹുവിന്റെ ഭാര്യക്കെതിരേ കുറ്റംചുമത്തി
ടെല്‍ അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെതിരേ തട്ടിപ്പുകേസില്‍ കുറ്റം ചുമത്തി.
പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയുമായി ബന്ധപ്പെട്ട കാറ്ററിങ് സേവനത്തിന് 100,000 ഡോളര്‍ അനധികൃതമായി വസൂലാക്കിയെന്ന കേസിലാണ് കുറ്റം ചുമത്തിയത്. വിശ്വാസലംഘനത്തിനും സാറ നെതന്യാഹുവിനെതിരേ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് നീതിന്യായമന്ത്രാലയം പറഞ്ഞു.
എന്നാല്‍ തെറ്റായ ആരോപണങ്ങളാണ് തനിക്കെതിരേയുള്ളതെന്ന് സാറ നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്‌റ സെഡോഫിനൊപ്പമാണ് സാറക്കെതിരേ കുറ്റം ചുമത്തിയത്.
2010-2013 കാലയളവില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട ചെലവില്‍ കൂടുതല്‍ തുക കാണിച്ചെന്ന ആരോപണമാണ് ഇരുവര്‍ക്കുമെതിരേ ഉയര്‍ന്നത്.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയതെന്ന് ജറൂസലം ജില്ലാ അറ്റോര്‍ണി ഓഫിസ് പറഞ്ഞു. സാറക്കെതിരേ ദീര്‍ഘമായി തുടരുന്ന അന്വേഷണത്തില്‍ അവര്‍ക്കെതിരേ കുറ്റം ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ അവിശായി മാന്റെല്‍ബിറ്റ് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."