വീടിനായി പഞ്ചായത്തിനുമുന്നില്‍ നിരാഹാരവുമായി വീട്ടമ്മ
പത്തനാപുരം: ആദ്യം പഞ്ചായത്ത് പടിക്കല്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു. കാര്യമില്ലെന്നു കണ്ടപ്പോള്‍ നിരാഹാര സമരം. അധകൃതരുടെ കണ്ണുതുറപ്പിച്ച് വീട് നേടാനായുള്ള പോരാട്ടത്തിലാണ് പത്തനാപുരം അലിമുക്ക് ആനകുളം വട്ടയത്തില്‍ വീട്ടില്‍ സതി എന്ന വീട്ടമ്മ. കോരിച്ചൊരിയുന്ന മഴയില്‍ കുതിര്‍ന്നാണ് 45കാരിയായ സതിയുടെ വീടിനായുള്ള പോരാട്ടം. പിറവന്തൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നിലാണു കഴിഞ്ഞ മൂന്നു ദിവസമായി സതി നിരാഹാരസമരം നടത്തി വരുന്നത്. അര്‍ഹതയുണ്ടായിട്ടും വീട് നല്‍കാത്ത ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരേ ഒരാഴ്ച മുന്‍പ് ഇവര്‍ ഓഫിസ് പടിക്കല്‍ മണ്‍കലത്തില്‍ കഞ്ഞിവച്ചു പ്രതിഷേധിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണു നിരാഹാരസമരവുമായി മുന്നിട്ടിറങ്ങിയത്.
ഇടിഞ്ഞുപൊളിഞ്ഞ് ഏതു നിമിഷവും നിലംപൊത്താറായ വീട്ടിലാണ് ഇവരുടെ താമസം. മഴ പെയ്താല്‍ പിന്നെ പറയുകയും വേണ്ട. ചോര്‍ന്നൊലിച്ചു വീടാകെ വെള്ളമാകും. കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി വീടിനായി ഇവര്‍ കയറിയിറങ്ങുകയാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് സതി പറയുന്നു. ആകെയുള്ളത് മൂന്നു സെന്റ് ഭൂമിയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ക്ക് ഒരു മകനുമുണ്ട്. തയ്യല്‍ ജോലികള്‍ ചെയ്താണ് കുടുംബത്തിന്റെ ചെലവും മകന്റെ വിദ്യാഭ്യാസവും സതി നടത്തിവരുന്നത്. ഇവര്‍ക്കു കിണറോ ശൗചാലയമോ ഒന്നും തന്നെയില്ല. നിരവധി തവണ ഭവനത്തിന് അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ പേരു വന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.
എന്നാല്‍ ലൈഫ് മിഷനു മുന്‍പാകെ വീടിന്റെ അപേക്ഷ സതി സമര്‍പ്പിച്ചതായും അനുകൂല നടപടി ഉടനുണ്ടാകുമെന്നും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി താഹ പറഞ്ഞു. വീടിന്റെ കാര്യത്തില്‍ തീരുമാനമാകാതെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്നാണ് സതിയുടെ ഉറച്ച നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."