ചിന്നക്കട സ്വയിപ്പിങ് മെഷീന്‍ തട്ടിപ്പ്: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു
കൊല്ലം: ചിന്നക്കട മെഡിക്കല്‍ സ്റ്റോറില്‍ സ്വയിപ്പിങ് മെഷീന്‍ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായി നടന്നുവരികയാണെന്ന് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
ചിന്നക്കട എല്‍.ഐ.സി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ആശ്വാസ് മെഡിക്കല്‍ സ്റ്റോറിലാണു സംഭവം. മെഡിക്കല്‍ ഷോപ്പ് നടത്തുന്നതിനു തനിക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്ന കടയുടമ തിരുവനന്തപുരം തിരുമല സ്വദേശി പി. ശ്രീദേവിന്റെ ആവശ്യം ബന്ധപ്പെട്ട കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
കടയുടെ മാനേജിങ് ഡയറക്ടര്‍ ശ്രീദേവ് പാര്‍ട്ണര്‍മാര്‍ക്കും മാനേജര്‍ക്കുമെതിരേ ഫയല്‍ ചെയ്ത കേസില്‍ കമ്മിഷന്‍ കൊല്ലം അസിസ്റ്റന്റ് കമ്മിഷണറെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നു. പാര്‍ട്ണറും മാനേജരും ചേര്‍ന്നു വിശ്വാസവഞ്ചന നടത്തി പണാപഹരണം നടത്തിയെന്നാണു പരാതിക്കാരന്റെ ആരോപണം.
2014 മുതല്‍ തന്റെ അറിവില്ലാതെ പ്രതികളുടെ പേരിലുള്ള കാര്‍ഡ് സ്വയിപ്പിങ് മെഷീന്‍ കടയില്‍ സൂക്ഷിക്കുന്നുണ്ട്. സാധനം വാങ്ങാനെത്തുന്നവര്‍ കാര്‍ഡ് സ്വയിപ്പ് ചെയ്യുമ്പോള്‍ തുക പ്രതികളുടെ അക്കൗണ്ടിലെത്തുന്നുവെന്നാണ് ആരോപണം.
2017 ഒക്ടോബര്‍ 12ന് കടയില്‍നിന്ന് 4,28,000 രൂപ പ്രതികള്‍ എടുത്തുകൊണ്ടുപോയതിന് കൊല്ലം ഈസ്റ്റ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടയുടമയും പാര്‍ട്ണര്‍മാരും തമ്മില്‍ പണാപഹരണത്തിനു നിരവധി കേസുകളുണ്ടെന്നും ചിലതിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."