കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കും
ന്യൂഡല്‍ഹി: പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പുതുച്ഛേരി എന്നീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. യാത്രാചെലവിനത്തില്‍ കോണ്‍ഗ്രസ് നല്‍കുന്ന സഹായം കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയകളിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രാചെലവിനായി കോണ്‍ഗ്രസ് നല്‍കുന്ന സഹായം സര്‍ക്കാരുകള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ യാത്രാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികളില്‍ പണമില്ലാത്തവര്‍ക്ക് യാത്രാക്കൂലി നല്‍കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്. വിവിധ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ സഹായവും ജില്ലാ കലക്ടര്‍മാര്‍ നിരസിച്ചിരുന്നു.
സോണിയാഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ യാത്രാചെലവിനായി 35 കോടി രൂപ അനുവദിച്ചിരുന്നു. അനുവദിച്ച തുകയുടെ 25 ശതമാനം ട്രെയിനുകള്‍ പുറപ്പെടുന്ന ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ മുന്‍കൂറായി കൈമാറി. തൊഴിലാളികള്‍ക്ക് റെയില്‍വേയില്‍ നിന്നും ടിക്കറ്റ് എടുത്ത് കൈമാറാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതും ജില്ലാ കലക്ടര്‍മാരെയാണ്. ടിക്കറ്റ് എടുത്ത് നല്‍കിയവരുടെ ലിസ്റ്റ് കൈമാറുന്ന മുറയ്ക്ക് ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."