'നാണമില്ലാത്തവനായ' സുകുമാര്‍ അഴീക്കോട്
കേരളത്തിന്റെ മനസാക്ഷിയെന്നു വിശേഷിപ്പിക്കപ്പെട്ട പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനും ചിന്തകനുമെല്ലാമായ സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യ അനുഭവങ്ങള്‍ അത്ര നല്ലതൊന്നുമായിരുന്നില്ല. സ്ഥാപന ഉടമസ്ഥന്മാരുമായി പിണങ്ങി പല പത്രങ്ങളിലെ ജോലി ഇട്ടെറിഞ്ഞു പോന്നിട്ടുണ്ട്. അപ്പോഴൊന്നും അദ്ദേഹത്തിനു കണ്ണീരൊഴുക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ ഒരുതവണ കരഞ്ഞുപോയി. ആ സന്ദര്‍ഭമേതെന്ന് അദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ഉറ്റസുഹൃത്തും സാഹിത്യപ്രവര്‍ത്തനങ്ങളിലെ സഹായിയുമായിരുന്ന പത്രപ്രവര്‍ത്തകന്‍ പോള്‍ മണലില്‍ 'അഴീക്കോടിന്റെ മാധ്യമവിചാരങ്ങള്‍' എന്ന കൃതിയുടെ ആമുഖലേഖനത്തില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.
സംഭവം നടക്കുന്നത് അറുപതുകളില്‍ അദ്ദേഹം കോഴിക്കോട്ട് 'ദിനപ്രഭ' പത്രാധിപരായിരുന്നപ്പോഴാണ്. അഴീക്കോട് ആത്മവിദ്യാസംഘത്തിന്റെ പ്രധാന വക്താവ് തന്നെയായിരുന്ന കാലമാണത്. വാഗ്ഭടാനന്ദന്‍ സ്ഥാപിച്ചതാണല്ലോ ആത്മവിദ്യാസംഘം. സുകുമാര്‍ അഴീക്കോടിന്റെ ആത്മീയഗുരുവായിരുന്നു വാഗ്ഭടാനന്ദന്‍. അതുകൊണ്ട് സംഘടനയുടെ എല്ലാ കാര്യങ്ങളും സ്വന്തം കാര്യം പോലെ അദ്ദേഹം പരിഗണിച്ചുപോന്നതാണ്.
അങ്ങനെയിരിക്കെയാണ് ആ സംഭവമുണ്ടായത്. ഒരു പത്രപ്രവര്‍ത്തനദുരന്തം എന്നുതന്നെ പറയാം. എം.ടി കുമാരനെ ആത്മവിദ്യാസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അഴീക്കോടിന്റെ ഗുരുനാഥന്‍ തന്നെയാണ് കുമാരന്‍. അദ്ദേഹം ജനറല്‍ സെക്രട്ടറിയായ വാര്‍ത്ത ശിഷ്യന്‍ പത്രാധിപരായ പത്രത്തില്‍ എങ്ങനെയാണ് പ്രസിദ്ധപ്പെടുത്തിയതെന്നോ-'എം.ടി കുമാരനെ ആത്മഹത്യാസംഘം സിക്രട്ടറിയായി തിരഞ്ഞെടുത്തു' വെന്ന് ! പത്രം രാവിലെ വായിച്ച സുകുമാര്‍ അഴീക്കോടിന് ആത്മഹത്യ ചെയ്യാന്‍ തന്നെയാണു തോന്നിയത്. ആത്മവിദ്യ ആത്മഹത്യയാക്കിയ പത്രത്തിന്റെ പത്രാധിപരായിരിക്കുന്നതില്‍ ഭേദം മറ്റൊന്നുമില്ല എന്നദ്ദേഹം ചിന്തിച്ചതില്‍ തെറ്റുപറയാനാവില്ലല്ലോ.
'എനിക്ക് എം.ടി കുമാരന്റെ മുഖത്തുനോക്കാന്‍ കഴിഞ്ഞില്ല. ഒരു പത്രാധിപരായാല്‍ നാണമില്ലാത്തവനായി പോയല്ലോ. പത്രാധിപര്‍ എന്ന വാക്ക് അന്ന് കേട്ടിട്ടുണ്ടെങ്കിലും 'അപത്രപാധിപര്‍' എന്നൊരു വാക്ക് ഞാനന്ന് കേട്ടിട്ടില്ലായിരുന്നു. നാണമില്ലാത്തവരുടെ നായകന്‍ എന്നാണ് അതിന്റെ അര്‍ഥം. അതിനാല്‍ ആത്മഹത്യ ചെയ്തില്ല. നാണമില്ലാത്തവനായിപ്പോയല്ലോ.' ആത്മകഥയില്‍ ഈ സംഭവം വിവരിക്കുമ്പോള്‍ അഴീക്കോട് ഇവിടെ നിര്‍ത്തിയില്ല. 'കാലം കഴിഞ്ഞപ്പോള്‍ പത്രപ്രവര്‍ത്തനം അപത്രപാധിപരുടെ കൈകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ സത്യവും നീതിയും നിത്യവും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു.'
താനൊരു പരാജയപ്പെട്ട പത്രാധിപരാണെന്ന് ഇടയ്‌ക്കെല്ലാം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുമെങ്കിലും പത്രാധിപത്യം ഏറ്റെടുക്കാന്‍ കിട്ടുന്ന ക്ഷണങ്ങളൊന്നും അദ്ദേഹം തള്ളിക്കളയാറില്ല. ജീവിതാവസാനകാലത്തും അദ്ദേഹം ഒരു പ്രധാനപത്രത്തിന്റെ പത്രാധിപരായിരുന്നല്ലോ. പത്തുപത്രമെങ്കിലും വായിച്ചേ താന്‍ ദിവസവും പ്രസംഗിക്കാന്‍ പോകാറുള്ളൂവെന്നദ്ദേഹം പറയാറുണ്ട്. പത്രാധിപത്യം വഹിച്ചാലും ഇല്ലെങ്കിലും സുകുമാര്‍ അഴീക്കോട് സദാ ഒരു പത്രവിമര്‍ശകനായിരുന്നു. പത്രാധിപരായ അഴീക്കോടും വായനക്കാരനായ അഴീക്കോടും പത്രധര്‍മത്തിന്റെ കാര്യത്തില്‍ ഒരിഞ്ചിന് വിട്ടുകൊടുക്കാറില്ല. അതുകൊണ്ടുതന്നെ പത്രാധിപരാകുന്നതിനേക്കാള്‍ വേഗത്തില്‍ അദ്ദേഹം പത്രാധിപസ്ഥാനം രാജിവയ്ക്കാറുമുണ്ട്. ഇന്ന് കേട്ടാല്‍ തമാശ തോന്നുന്ന നിസാര കാരണങ്ങള്‍ക്ക് പോലും അദ്ദേഹം സ്ഥാനം രാജിവച്ചിറങ്ങിപ്പോയിട്ടുണ്ട്.
പഠനം കഴിഞ്ഞ് നാട്ടിലെത്തിയ അദ്ദേഹം ആദ്യം ഏറ്റെടുത്ത ജോലി പത്രപ്രവര്‍ത്തനമായിരുന്നു. 21-ാം വയസില്‍ 'ദീനബന്ധു' എന്ന പത്രത്തില്‍. ആറുമാസമേ ആ ജോലി ചെയ്തുള്ളൂ. പിന്നെയാണ് 'ദേശമിത്രം' പത്രത്തിലെത്തുന്നത്. 'ദേശമിത്ര'ത്തിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ തത്ത്വാധിഷ്ഠിത രാജി ഉണ്ടാകുന്നത്. പത്രാധിപര്‍ അറിയാതെ ഉടമ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. പത്രപ്രവര്‍ത്തന എത്തിക്‌സ് ഒന്നും അറിയാതെയാവും ഉടമ എ.കെ നായര്‍ അങ്ങനെ ചെയ്തത്. ഇക്കാലത്തെ ഉടമസ്ഥര്‍ക്ക് പോലും അറിയാത്ത വിഷയം അക്കാലത്തെ പത്രമുടമ അറിയാനിടയില്ലല്ലോ. ശ്രീനാരായണഗുരുവിനെ പറ്റിയായിരുന്നു ലേഖനമെന്നൊന്നും അഴീക്കോട് പരിഗണിച്ചില്ല.
രാജിവച്ചിറങ്ങി വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞ് കോഴിക്കോട്ട് ദേവഗിരി കോളജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് 'ദിനപ്രഭ' പത്രാധിപരായത്. അവിടെയും ഉടമയുമായി ഉടക്കി. ബന്ധുവായിരുന്നു ഉടമയെങ്കിലും അദ്ദേഹം പത്രാധിപരറിയാതെ ഡല്‍ഹിയില്‍ ഒരു ലേഖകനെ നിയമിച്ചു. സ്ഥാനംവെടിയാന്‍ അഴീക്കോടിന് വേറെ കാരണം കണ്ടെത്തേണ്ടി വന്നില്ല. ഉടമയുടെ നടപടി പത്രാധിപരെ അപമാനിക്കലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കാലഹരണപ്പെട്ട എന്തെല്ലാം ആചാരങ്ങള്‍!
പത്രധര്‍മവും പത്രത്തിന്റെ സാമ്പത്തിക വിജയവും തമ്മില്‍ വൈരുധ്യമുണ്ടെന്നും പത്രധര്‍മം നോക്കിയാല്‍ പത്രാധിപര്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറയാറുണ്ടത്രെ. അദ്ദേഹം തന്റെ പത്രപ്രവര്‍ത്തനദൗത്യം റിപ്പോര്‍ട്ടറുടെ ദൗത്യമാണെന്നും പറയാറുണ്ട്. സമൂഹം തങ്ങള്‍ക്കു വേണ്ടി എല്ലാം കാണാനും കേള്‍ക്കാനും വിശ്വാസപൂര്‍വം ഏല്‍പ്പിക്കുന്ന ആളാണ് റിപ്പോര്‍ട്ടര്‍ എന്നെഴുതിയിട്ടുണ്ട് അഴീക്കോട്.
പത്രങ്ങളുമായി ഉറ്റ സൗഹൃദം പുലര്‍ത്തുമ്പോഴും പത്രങ്ങളെ പരിഹസിക്കുക അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയായിരുന്നു. എത്രയെങ്കിലും പരിഹാസങ്ങള്‍ അദ്ദേഹം ഓരോ പ്രസംഗത്തിലും തട്ടിവിടാറുണ്ട്. 'പത്രംഓഫിസിന് മുന്നിലൂടെ പോകുമ്പോള്‍ എപ്പോഴും എന്തെല്ലാമോ പൊട്ടിക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കാറുണ്ട്. ഈയിടെയാണ് അറിഞ്ഞത് അത് വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ശബ്ദമാണ്.'-ഇത് അക്കൂട്ടത്തില്‍ ഒന്നുമാത്രം.
പത്രത്തിലെ തെറ്റുകള്‍ക്ക് ഉത്തരവാദികള്‍ പ്രൂഫ് റീഡര്‍മാരാണെന്ന് ഉറപ്പായിരുന്നു അദ്ദേഹത്തിന്. അവരെ അദ്ദേഹം റൂഫ് റീഡര്‍മാരെന്ന് പരിഹസിക്കാറുമുണ്ട്. ഈ പരിഹാസത്തിന്റെ ഒറിജിനല്‍ കോപ്പിറൈറ്റ്, അഴീക്കോടിനെപ്പോലെ കണ്ണൂരില്‍ നിന്നുവന്ന് തൃശൂരില്‍ സ്ഥിരതാമസമാക്കിയ 'എക്‌സ്പ്രസ് ' പത്രാധിപര്‍ വി. കരുണാകരന്‍ നമ്പ്യാരുടേതാണ്. അഴീക്കോട് തന്നെ അത്് 'കരുണാകരന്‍ നമ്പ്യാരുടെ ചിന്തകള്‍ സ്്പന്ദനങ്ങള്‍' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
എല്ലാ കാലത്തും അദ്ദേഹം പത്രങ്ങളുമായി ബന്ധപ്പെട്ട് ചെയ്തുകൊണ്ടിരുന്ന ഒരു ജോലി കോളംരചനയായിരുന്നു. ദേശമിത്രത്തിലായിരുന്ന കാലത്ത് തുടങ്ങിയതാണ് അത്. പിന്നെ 'ദിനപ്രഭ'യില്‍, 'മലയാള മനോരമ'യില്‍, 'ഇന്ത്യാ ടുഡേ'യില്‍, 'ജനയുഗ'ത്തില്‍, 'ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍, 'ദേശാഭിമാനി'യില്‍, ഏറ്റവുമൊടുവില്‍ അവസാനംവരെ 'വര്‍ത്തമാനം 'പത്രത്തില്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."