സ്വയംപര്യാപ്തമാകേണ്ട ചികിത്സാ ഉപകരണ മേഖല
കൊവിഡ് - 19 പകര്‍ച്ചവ്യാധി ലോകത്തെമ്പാടും പടര്‍ന്നു പിടിക്കുകയും ഇതെഴുതുമ്പോള്‍ നാല്‍പ്പത് ലക്ഷത്തിലധികം പേര്‍ രോഗബാധിതരാകുകയും മൂന്നുലക്ഷത്തിനോടടുത്ത ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിരിക്കുന്നു. ആഗോളതലത്തില്‍ കൊവിഡ് രോഗചികിത്സയ്ക്കുവേണ്ട വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍, മാസ്‌കുകള്‍, ഗ്ലൗസ്, ജീവന്‍രക്ഷാ ഉപാധികളായ വെന്റിലേറ്ററുകള്‍, തീവ്രപരിചരണ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുടെ ലഭ്യതയെയും അവയുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകളെയും പറ്റി സജീവ ചര്‍ച്ച നടക്കുകയാണ്. ലോകത്തെ വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍, സിംഗപ്പൂര്‍, ദക്ഷിണകൊറിയ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, കൂടാതെ മധ്യേഷ്യയിലെ അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ വളരെ പെട്ടെന്ന് പടര്‍ന്നു പിടിച്ച ഈ മഹാമാരി ചികിത്സാ ഉപകരണങ്ങളുടെ ന്യൂനതയും തീവ്രപരിചരണനിരീക്ഷണ സാമഗ്രികളുടെ അപര്യാപ്തതയും വെളിച്ചത്തു കൊണ്ടുവന്നു.
താരതമ്യേന ആരോഗ്യ ചികിത്സാരംഗത്ത് സ്വയംപര്യാപ്തമല്ലാത്ത ഇന്ത്യയിലെ സ്ഥിതിയും വിഭിന്നമല്ല. തീവ്രരോഗ ബാധിത പ്രദേശങ്ങളായ ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ആശുപത്രി കിടക്കകളുടെ കുറവും തീവ്ര പരിചരണ വിഭാഗങ്ങളുടെയും വെന്റിലേറ്ററുകളുടെ അഭാവവും ആരോഗ്യ പ്രവര്‍ത്തകരെയും സര്‍ക്കാരുകളെയും വളരെയധികം ആശങ്കയിലാക്കിയിട്ടുണ്ട്. ആശുപത്രി ഉപകരണങ്ങളുടെ ഉല്‍പ്പാദനം ഒരു രാജ്യത്തിന്റെ ആരോഗ്യ ചികിത്സാരംഗത്തിന്റെ നിലനില്‍പ്പിനും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിനും എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്നതിലേക്ക് കൊവിഡ് - 19 വിരല്‍ച്ചൂണ്ടുന്നു. മെഡിക്കല്‍ ഉപകരണ വ്യവസായം ഇന്ത്യയില്‍ ഏകദേശം 60 ദശലക്ഷം യു.എസ് ഡോളര്‍ മൂല്യമുള്ളതായാണ് കണക്കാക്കുന്നത്. താരതമ്യേന ശൈശവാവസ്ഥയിലുള്ള ഈ മേഖല ഇനിയും വളരെ മുന്നോട്ടു പോകേണ്ടതുണ്ട്. നിലവില്‍ ലോകത്തിന്റെ 1.7 ശതമാനം വിപണി മാത്രമേ ഇന്ത്യയിലുള്ളൂ. സ്വകാര്യമേഖലയിലെ ഏക ഡോക്ടര്‍ സേവനം ലഭ്യമാകുന്ന ക്ലിനിക്കു മുതല്‍ വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രിയില്‍ വരെയും സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുമുള്ള ശ്രേണിയിലെ ഏതൊരു ആരോഗ്യ ചികിത്സാ സ്ഥാപനവും മെഡിക്കല്‍ ഉപകരണങ്ങള്‍ കൂടാതെ പ്രവര്‍ത്തിക്കുക സാധ്യമല്ല. അതിനാല്‍ ഈ രംഗത്തെ പരിപോഷിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും ഒട്ടുംതന്നെ അമാന്തിക്കരുത്.
കേന്ദ്രസര്‍ക്കാര്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.7 ശതമാനം മാത്രമേ ആരോഗ്യരംഗത്ത് ചെലവഴിക്കുന്നുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍പോലും നിലവില്‍ വിലകൂടിയ ഉപകരണങ്ങളായ തീവ്രപരിചരണ മോണിറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ പലതും വിദേശ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നിന്നാണ് വാങ്ങുന്നത്. പ്രസ്തുത ഗുണനിലവാരമുള്ള ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയും മാനുഷിക വിഭവശേഷിയും ഇന്ന് നമുക്കുണ്ട്. ഈ രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും സ്വകാര്യസംരംഭങ്ങളെ നിയന്ത്രിതമായി പ്രോത്സാഹിപ്പിക്കുകയും വേണം. ഏകജാലക അനുമതി സംവിധാനം ഇക്കാര്യത്തില്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.
ബയോമെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദനത്തിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 'ബയോമെഡിക്കല്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍' പൊതുമേഖലയില്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതുമൂലം ഗുണനിലവാരമുള്ള ചികിത്സാ ഉപകരണങ്ങള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്നതിനും വളരെയധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സാധിക്കും. കൂടാതെ സംസ്ഥാനങ്ങളില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ ആരംഭിക്കുകയും പഠനം പൂര്‍ത്തിയാക്കിയവരെ പ്രായോഗിക പരിശീലനത്തിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും വിന്യസിക്കുകയും ചെയ്യാം. ഇതിലൂടെ ഈ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ തകരാറുകള്‍ ഉടന്‍ പരിഹരിക്കാന്‍ സാധിക്കും. സ്വകാര്യമേഖലയില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനികള്‍ക്ക് 'സ്റ്റാര്‍ട്ട് അപ്പ്' പദ്ധതികള്‍ വഴി ചുരുങ്ങിയ പലിശയ്ക്ക് വായ്പകള്‍ അനുവദിച്ചുകൊണ്ട് കൂടുതല്‍ നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകര്‍ഷിപ്പിക്കാവുന്നതാണ്.
നിലവില്‍ ലോകത്തെ ഏതുരാജ്യത്തുനിന്നും യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാവുന്നതാണ്. ഇവയ്‌ക്കെല്ലാം അന്തര്‍ദേശീയമായി ഒരു നിയന്ത്രണ സംവിധാനമോ അന്താരാഷ്ട്ര ഗുണനിലവാര സൂചികകളോ ഇപ്പോഴില്ല. ഇന്ത്യയ്ക്ക് തനതായ ഇത്തരം ഒരു ഗുണനിലവാര സൂചിക രൂപപ്പെടുത്തിയെടുത്ത് ദേശീയതലത്തില്‍ സ്വകാര്യ-പൊതുമേഖലകളില്‍ ഇത്തരം ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുവാനുള്ള കാല്‍വയ്പ്പുകള്‍ ഇനിയും വൈകിക്കൂടെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനും സര്‍ക്കാരുകള്‍ക്കും ഉണ്ടാക്കുന്നതിന് കൊവിഡ് - 19 ന് കഴിഞ്ഞിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ ഉപകരണരംഗത്ത് നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍മസമിതികള്‍ക്ക് രൂപം നല്‍കണം. അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുള്ള ആരോഗ്യ ചികിത്സാ സംവിധാനം ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും മാത്രമല്ല, രോഗികള്‍ക്കും പൊതുസമൂഹത്തിനു തന്നെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."