പ്രശസ്ത പോപ്പ് ഗായിക ബെറ്റി റൈറ്റ് അന്തരിച്ചു
മിയാമി(യു.എസ്): ഗ്രാമി പുരസ്‌കാര ജേതാവായ പ്രശസ്ത പോപ്പ് ഗായിക ബെറ്റി റൈറ്റ് അന്തരിച്ചു. 66 വയസായിരുന്നു. ഏറെ നാളായി കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബെറ്റി മിയാമിയിലെ സ്വവസതിയില്‍ വച്ചാണ് മരിച്ചത്.
1970കളില്‍ ബെറ്റിയുടെ ഗാനങ്ങള്‍ സൃഷ്ടിച്ച തരംഗം ചെറുതല്ല. ആര്‍ ആന്റ് ബി(റിഥം ആന്‍ഡ് ബ്ലൂസ്) ശൈലിയില്‍ ഒരുക്കിയ ക്ലീന്‍ അപ്പ് വുമണാണ് ബെറ്റി എന്ന സംഗീത പ്രതിഭയെ പ്രശസ്തയാക്കിയത്. 17 വയസ് മാത്രമുള്ളപ്പോള്‍ റെക്കോര്‍ഡ് ചെയ്ത ഈ ഗാനം ബില്‍ബോര്‍ഡ് ആര്‍ ആന്റ് ബി വിഭാഗത്തിലെ ടോപ്പ് 10 ഹിറ്റുകളില്‍ ഇടംനേടിയിട്ടുണ്ട്. ഈ പാട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇതിലെ ഈണങ്ങള്‍ക്ക് സമാനമായ നിരവധി ഗാനങ്ങള്‍ ഇന്നും പോപ് സംഗീതലോകത്ത് അലയടിക്കുന്നുണ്ട്.
1953ല്‍ മിയാമിയിലാണ് ബെറ്റി റൈറ്റിന്റെ ജനനം. ബെസ്സി റെഗിനാ നോറിസ് എന്നായിരുന്നു ആദ്യ നാമം. എക്കോസ് ഓഫ് ജോയ് എന്ന സംഗീതബാന്‍ഡിലൂടെയാണ് ബെറ്റി സംഗീതലോകത്തെത്തിയത്. 1968ല്‍ 15ാം വയസിലാണ് ബെറ്റിയുടെ ആദ്യ ആല്‍ബമായ മൈ ഫസ്റ്റ് ടൈം എറൗണ്ട് പുറത്തുവരുന്നത്. ടോപ്പ് 40 ഹിറ്റില്‍ ഗാനം ഇടംപിടിച്ചു. പിന്നീടാണ് ക്ലീന്‍ അപ്പ് വുമണ്‍ വരുന്നത്. അതിന് ശേഷം ബെറ്റിയെ ശ്രദ്ധേയയാക്കിയത് 1973ല്‍ പുറത്തിറങ്ങിയ ഗാനമായ 'വിസില്‍ രജിസ്റ്റര്‍' ആണ്. ബെറ്റിക്ക് മാത്രം സ്വന്തമായ ആലാപനശൈലി താരം ആദ്യമായി പുറത്തെടുക്കുന്നത് ഈ ഗാനത്തിലൂടെയാണ്. സംഗീത പ്രതിഭകള്‍ ഈ ആലാപനശൈലി ഏറ്റുപിടിച്ചു. ടുനൈറ്റ് ഈസ് ദ നൈറ്റ്, നോ പെയിന്‍ എന്നീ ആല്‍ബങ്ങളും ലോകശ്രദ്ധ നേടി.
1975ല്‍ കെ.സി, സണ്‍ഷൈന്‍ ബാന്‍ഡ് എന്നിവയിലെ അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ബെറ്റി രചിച്ച്, പാടിയ 'വേര്‍ ഇസ് ദ ലവ്' എന്ന ഗാനത്തിനാണ് അവര്‍ക്ക് ഗ്രാമി പുരസ്‌കാരം ലഭിച്ചത്. 1987ന് ശേഷം നിര്‍മാതായും വളരുന്ന കലാകാരന്മാര്‍ക്ക് പരിശീലനം നല്‍കിയുമാണ് ബെറ്റി ശിഷ്ടകാലം ചെലവഴിച്ചത്. ബെറ്റിയുടെ നിര്യാണത്തില്‍ പോപ്പ് സംഗീത മേഖലയിലെ പ്രമുഖര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."