വെടിയുണ്ടകള്‍കൊണ്ട് തീര്‍ക്കാനാവില്ല മാവോയിസ്റ്റ് ഭീഷണി
വയനാട് വൈത്തിരിയില്‍ ബുധനാഴ്ച മാവോയിസ്റ്റുകളും പൊലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളില്‍ ചിലര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും പൊലിസ് പറയുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി ജലീലാണ്. മാവോയിസ്റ്റ് കബനീദള നേതാവായിരുന്നു ജലീല്‍. ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ജലീലിന്റെ സഹോദരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വൈത്തിരി അംബ സുഗന്ധഗിരി മേഖലയില്‍ പൊലിസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചതിലുള്ള പ്രതികാരമായാണു മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയതെന്നാണു പൊലിസ് പറയുന്നത്. രാത്രി തുടങ്ങിയ വെടിവയ്പ് പുലരുവോളം നീണ്ടുവെന്നും പറയുന്നു. എങ്കില്‍, അത്രമാത്രം തിരകളുമായാകണം മാവോയിസ്റ്റുകള്‍ വന്നത്. അതാണോയെന്നു പരിശോധിക്കേണ്ടതുണ്ട്.
ഇതുപോലൊരു നേര്‍ക്കുനേര്‍ പോരാട്ടത്തിന് കേരളത്തില്‍ അടുത്തകാലത്തൊന്നും മാവോയിസ്റ്റുകള്‍ മുതിര്‍ന്നിട്ടില്ല. കാട്ടുവക്കത്ത് ഒറ്റപ്പെട്ടു നില്‍ക്കുന്ന വീടുകളില്‍ ചെന്ന് അരിയും മുളകും വാങ്ങി ഉള്‍ക്കാട്ടിലേയ്ക്കു തിരിച്ചുപോകല്‍ മാത്രമാണ് അവര്‍ ഇതുവരെ ചെയ്തിരുന്നത്. ഇതിനിടയില്‍ ലഘുലേഖ വിതരണം നടത്തുകയും ചെയ്തിരുന്നു.
വൈത്തിരി റിസോര്‍ട്ടില്‍ നടന്നെന്നു പറയപ്പെടുന്ന വെടിവയ്‌പോടെ മാവോയിസ്റ്റുകള്‍ പരസ്യമായ സായുധസമരത്തിനൊരുങ്ങുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സുശക്തവും സുസജ്ജവുമായ നിയമപാലന സംവിധാനമുള്ള രാജ്യത്ത് ഏതാനും വ്യക്തികള്‍ക്കു തോക്കു ചൂണ്ടി ഭരണകൂടത്തെ വരുതിയിലാക്കാന്‍ കഴിയുമെന്ന ചിന്ത തന്നെ മൗഢ്യമാണ്. അങ്ങനെ അധികാരം പിടിച്ചെടുക്കാനുമാകില്ല.
എന്നിട്ടും മാവോയിസ്റ്റുകളെപ്പോലുള്ള സംഘടനകള്‍ സര്‍ക്കാരിനെ തിരുത്താനും അട്ടിമറിക്കാനും സായുധരായി വരുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകളും പാളിച്ചകളുമാണതിനു കാരണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെയും ദലിതരുടെയും പേരിലാണ് മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുളപൊട്ടുന്നതും വളരുന്നതും. മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗം ആദിവാസികള്‍ക്കും ദലിതര്‍ക്കും അവകാശപ്പെട്ടതെല്ലാം ഒരുക്കിക്കൊടുക്കുകയെന്നതാണ്.
ആദിവാസികള്‍ അതിജീവനത്തിന്റെ കനല്‍പാത താണ്ടുകയാണ്. അവരുടെ ജീവല്‍പ്രശ്‌നങ്ങളെ സത്യസന്ധമായി അഭിസംബോധനം ചെയ്യുവാന്‍ മാറിമാറിവന്ന ഭരണകൂടങ്ങളൊന്നും തയാറായില്ല. കോടിക്കണക്കിനു രൂപ അവരുടെ പേരില്‍ വര്‍ഷം തോറും ചെലവഴിക്കപ്പെടുന്നുണ്ട്. പക്ഷേ, അവയെല്ലാം ഒഴുകിപ്പോകുന്നത് പലരുടെയും ഭണ്ഡാരങ്ങളിലേയ്ക്കാണ്. ഭരണകൂടങ്ങള്‍ ആദ്യം ചെയ്യേണ്ടത് നൂറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരികയാണ്.
അങ്ങനെ സംഭവിച്ചാല്‍, ആ പട്ടിണിപ്പാവങ്ങളുടെ പേരു പറഞ്ഞ് തോക്കെടുക്കാനും സംഹാരം നടത്താനും നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനും ആര്‍ക്കും സാധിക്കാതാകും. അതിനു പകരം കുറേ മാവോയിസ്റ്റുകളെ തോക്കിന്‍ കുഴലിന് ഇരയാക്കിയാല്‍ ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍. തോക്കിനു തീര്‍ക്കാവുന്നതായിരുന്നുവെങ്കില്‍ തിരുനെല്ലിക്കാട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വര്‍ഗീസിന്റെ അന്ത്യത്തോടെ തീരേണ്ടതായിരുന്നു ഇത്തരം പ്രവണതകള്‍.
ആദിവാസികളുടെയും ദലിതരുടെയും കിപ്പാടവും കൃഷിഭൂമിയും ഭൂമാഫിയ തട്ടിയെടുക്കുന്നു. ആദിവാസികളെ കാടുകളില്‍ നിന്നൊഴിപ്പിക്കണമെന്ന കോടതി വിധിവരെ വന്നിരിക്കുന്നു. അവരെവിടെപ്പോകും. ആദിവാസി ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി പദ്ധതികള്‍ നിലവിലുണ്ട്. പക്ഷേ, ആദിവാസികള്‍ക്കും ദലിതര്‍ക്കും ഇന്നും കഞ്ഞി കുമ്പിളില്‍ത്തന്നെയാണ്.
ആദിവാസി ക്ഷേമത്തിനായി സംസ്ഥാനത്ത് ഒരു വകുപ്പും മന്ത്രിയുമുണ്ട്. ആദിവാസികള്‍ക്കുള്ള തുക ചെലവാക്കാതെ നഷ്ടപ്പെടുത്തുന്നതിലുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ആ വകുപ്പിനോ വകുപ്പുമന്ത്രിക്കോ ഒഴിഞ്ഞുമാറാനാകുമോ. അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവു മൂലം കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ അമ്മമാര്‍ മദ്യപിക്കുന്നതു കൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്നു ഭരണാധിപന്മാര്‍ പറയുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്തതു പലതും സംഭവിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 35 ആദിവാസി കുട്ടികളാണു പോഷകാഹാരക്കുറവു മൂലം അട്ടപ്പാടിയില്‍ മരിച്ചത്. അനൗദ്യോഗിക കണക്ക് ഇതിനും മുകളിലാണ്. പിഞ്ചുകുഞ്ഞുങ്ങളാണു മരിക്കുന്നവരെല്ലാം. ആദിവാസികള്‍ വാറ്റുകാരും ചാരായം കുടിക്കുന്നവരുമായി തീരുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. ആദിവാസി ക്ഷേമത്തിനായി വിനിയോഗിക്കേണ്ട തുക അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ പങ്കിട്ടെടുക്കുന്നതു തടയുകയാണു വേണ്ടത്.
ആദിവാസി ക്ഷേമപദ്ധതി നടത്തിപ്പിനായി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന മന്ത്രിയും പ്രതിബദ്ധതയോടെ ജോലി ചെയ്യുന്ന, ആദിവാസി-ദലിത സമൂഹത്തോട് അലിവാര്‍ന്ന സമീപനം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരുമുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ പലതും ലളിതമായി പരിഹരിക്കാനാകും. പിന്നെ അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ മാവോയിസ്റ്റുകള്‍ വരില്ല. പഠിക്കാന്‍ സ്‌കൂളുകളില്ലാത്ത ചികിത്സിക്കാന്‍ ആശുപത്രികളില്ലാത്ത കുടിക്കാന്‍ ശുദ്ധജലം കിട്ടാത്ത കഴിക്കാന്‍ ഭക്ഷണമില്ലാത്ത ഒരു സമൂഹം പരിഷ്‌കൃതരെന്ന് അഭിമാനിക്കുന്ന കേരളീയര്‍ക്കൊപ്പം ജീവിക്കുന്നുവെന്നത് എന്ത്മാത്രം അപമാനകരമാണ്.
വിശന്നു വലഞ്ഞ മധുവെന്ന ആദിവാസി യുവാവിനെ കെട്ടിയിട്ടു മര്‍ദിച്ചുകൊന്നവരാണ് കേരളീയ സമൂഹം. അടിസ്ഥാനപരമായി എല്ലാ രാഷ്ട്രീയക്കാരും ഇവരെ ചൂഷണം ചെയ്യുന്നവരാണ്. കൊടികളുടെ നിറം മാത്രമാണ് വ്യത്യസ്തം. ദലിത് വിഭാഗത്തിനു നീക്കിവച്ച പ്ലാന്‍ ഫണ്ടിന്റെ പകുതിപോലും ചെലവാക്കാതെ ലാപ്‌സാക്കി. ദലിത് കോളനികളിലെ അങ്കണവാടികളില്‍ പോഷകാഹാരം വിതരണം ചെയ്യാന്‍ കരാറെടുത്തവര്‍ ലക്ഷങ്ങള്‍ വാരിക്കൂട്ടുന്നു. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ അനാഥമായി കിടക്കുന്നു. കരാറുകാരും എന്‍.ജി.ഒമാരും ഇവരെ നിര്‍ബാധം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.
ആദിവാസി ഊരുകളില്‍നിന്നും ദലിതരുടെ കോളനികളില്‍നിന്നും മാവോയിസ്റ്റുകളെ പുറന്തള്ളണമെങ്കില്‍ ആദിവാസികളും ദലിതരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ ഇല്ലാതാക്കണം. വരേണ്യവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ മാത്രം പരിഗണിക്കാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ മനസോടെ നോക്കിക്കാണേണ്ട ഒരു ഭരണ പരിഷ്‌കാരം വളര്‍ന്നുവരേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."