രാമന്തളി മാലിന്യ പ്രശ്നം: കലക്ടറുടെ വസതിയിലേക്ക് മലിനജലവുമായി മാര്‍ച്ച് നടത്തും
പയ്യന്നൂര്‍: രാമന്തളിയില്‍ നടക്കുന്ന മാലിന്യ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കണ്ണൂരില്‍ രൂപീകരിച്ച ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 11ന് രാമന്തളിയിലെ മലിനജലവുമായി കലക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.
എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്യും. രാമന്തളിയിലെ സമരപന്തലില്‍ രാവിലെ ഒന്‍പതിന് മലിനജലം വഹിച്ചുള്ള യാത്ര മുതിര്‍ന്ന സമരസമിതി പ്രവര്ത്തകന് കെ.പി.സി നാരായണ പൊതുവാള് ഉദ്ഘാടനം ചെയ്യും.
മാലിന്യപ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 43ാം ദിവസത്തിലേക്ക് കടന്നു.
ടി.കെ മനോജ് കുമാറിന്റെ നിരാഹാര സമരം നാലാം ദിനത്തിലേക്ക് കടന്നു. പയ്യന്നൂര്‍ സൗഹൃദവേദി ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പന്തലിലെത്തി. സതീശന് കോളിയാട്ട്, വേണുഗോപാലന്‍ കോളിയാട്ട്, പി.പി രമേശന്, അബ്ദുല്‍ ഖാദര്‍ കക്കളത്ത് സംസാരിച്ചു. കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറിയും പ്രശസ്ത ഹിപ്പ്നോ മജീഷ്യനുമായ ഗംഗന് അഴിക്കോടിന്റെ ദിവ്യാത്ഭുത അനാവരണം അരങ്ങേറി.
പതിമൂന്നാം വാര്‍ഡ് കുടുംബശ്രീ അംഗങ്ങള്‍ സമരപന്തലിലേക്ക് അനുഭാവപ്രകടനം നടത്തി. ബീന രമേശന്, ഒ. വിമല സംസാരിച്ചു. ഐക്യദാര്‍ഢ്യവുമായി ടി.കെ ഭാര്‍ഗവി, ശ്രീജ മനോജ് എന്നിവരും വിദ്യാര്‍ഥികളായ രേവതി, അതുല്‍ദാസ്, ആദിത്യദാസ്, അഭിനവ് മനോജ് എന്നിവരും അനുഭാവ ഉപവാസം നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."