പ്രൈമറി അധ്യാപക നിയമന കുരുക്കഴിക്കുന്നു, അവ്യക്തത നീക്കിയ ഉത്തരവ് പുറത്തിറങ്ങി
കാസര്‍കോട്: പി.എസ്.സി വഴിയുള്ള അധ്യാപക നിയമനങ്ങള്‍ക്ക് കെ.ടെറ്റ് യോഗ്യതയുമായുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അവ്യക്തതകള്‍ നീക്കി ഉത്തരവ് പുറത്തിറങ്ങി. ഇതോടെ പ്രൈമറി അധ്യാപക നിയമനത്തിനുണ്ടായ കുരുക്കഴിയുന്നു. കെ.ടെറ്റ് യോഗ്യത നേടാന്‍ ഈ മാസം 31 വരെ അനുവദിച്ച ഇളവ് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കും ലഭിക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളില്‍ 6326 ഒഴിവുകളില്‍ സ്ഥിരാധ്യാപകരില്ലാത്ത സ്ഥിതി നിലനില്‍ക്കുമ്പോഴും കെ.ടെറ്റ് വിഷയത്തില്‍ കുടുങ്ങി നിയമനം പ്രതിസന്ധിയിലായത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിരുന്നു. അധ്യാപക നിയമനത്തിന് കെ ടെറ്റ് യോഗ്യത ബാധകമാക്കാത്തതിനെതിരെ ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പറ്റാത്ത നിലയുണ്ടായി. എന്നാല്‍ റാങ്ക് ലിസ്റ്റ് പ്രസിസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സ്റ്റേ കഴിഞ്ഞ ഡിസംബര്‍ 21 ന് ഹൈക്കോടതി ഉപാധികളോടെ നീക്കി .
ഇതേ തുടര്‍ന്ന് എല്ലാ ജില്ലകളിലെയും എല്‍.പി എസ് ടി, യു.പി.എസ് ടി റാങ്ക് ലിസ്റ്റുകള്‍ പുറത്തിറക്കി. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി മാത്രമേ നിയമന ശുപാര്‍ശ അയക്കാവൂ എന്ന വ്യവസ്ഥയോട് കൂടിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഇതോടെ നിയമനം വീണ്ടും പ്രതിസന്ധിയിലായി. ട്രൈബ്യൂണലില്‍ വരുന്ന ആഴ്ച കേസ് പരിഗണനയ്ക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ടെറ്റ് വിഷയത്തില്‍ സ്പഷ്ടീകരണം വന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ വിധിയുണ്ടായിട്ടുണ്ട്.
അതേസമയം നിയമന ശുപാര്‍ശ അയക്കുന്നത് മാര്‍ച്ച് 31 നപ്പുറത്തേക്ക് നീണ്ടുപോയാല്‍ അതും പ്രതിസന്ധി സൃഷ്ടിക്കും. വരുന്ന ജൂണിലേക്ക് നിയമന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റും.
ഈ വര്‍ഷത്തെ വിരമിക്കല്‍ ഒഴിവുകള്‍ കൂടിയാകുമ്പോള്‍ പതിനായിരത്തിനടത്തു ഒഴിവുകള്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ടെറ്റ് യോഗ്യത നേടാനുള്ള കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമ്പോള്‍ യോഗ്യത നേടാനാകാതെ എയ്ഡഡ് വിദ്യാലയങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."