കട്ടിപ്പാറക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം
താമരശേരി: കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് മുന്നോട്ടു പോകുന്നതിനിടെ യു.ഡി. എഫ് രാഷ്ട്രീയം കളിക്കുന്നുവെന്ന് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനും വൈസ് പ്രസിഡന്റ് നിതീഷ് കല്ലുള്ളതോടും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാട്ടുകാരെയും സന്നദ്ധ സംഘടനാ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അവര്‍ക്ക് നന്ദി അറിയിക്കുന്ന ചടങ്ങ് മാത്രമായിരുന്നു വെള്ളിയാഴ്ച പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ സംബന്ധിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെ പ്രതിഷേധ പരിപാടി എന്തിനായിരുന്നെന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടല്‍ നടന്ന പശ്ചാത്തലത്തില്‍ പഞ്ചായത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് 18 ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ ഭരണ സമിതി ആവിശ്യപ്പെട്ടിരുന്നതാണ്. കരിഞ്ചോല ദുരന്തത്തിന് പുറമെ ശക്തമായ മഴയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഇതിനു കൂടി നഷ്ട പരിഹാരം ലഭ്യമാക്കണം. ദുരിത ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വെട്ടിഒഴിഞ്ഞതോട്ടം സ്‌കൂളിലെ ക്യാംപില്‍ കഴിയുന്ന എട്ട് കുടുംബങ്ങളെക്കൂടി മാത്രമാണ് ഇനി പുനരധിവസിപ്പിക്കുവാനുള്ളത്. തൊട്ടടുത്ത ദിവസം ഇവരെയും മാറ്റി താമസിപ്പിക്കും.
കരിഞ്ചോല മലയില്‍ നടന്ന നിര്‍മാണത്തെ കുറിച്ച് പഞ്ചായത്തിന് അറിവുണ്ടായിരുന്നില്ല. അനധികൃതമായാണ് നിര്‍മാണങ്ങള്‍ നടന്നത്. ഇതിനെ കുറിച്ച് ബന്ധപ്പെട്ടവര്‍ അന്വേഷിക്കുന്നുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വികസന കാര്യ ചെയര്‍പേഴ്‌സന്‍ മദാരി ജുബൈരിയ, ക്ഷേമ കാര്യ അധ്യക്ഷന്‍ പി.സി തോമസ്, ആരോഗ്യകാര്യ അധ്യക്ഷ ബേബി ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."