കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി
തിരുവനന്തപുരം: ഒരിടവേളക്കു ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം വീണ്ടും മുടങ്ങി. പെന്‍ഷന്‍ വൈകുന്നതിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും അതല്ല സാങ്കേതിക പ്രശ്‌നമാണെന്നും പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെ.എസ്.ആര്‍.സിയില്‍ ഇപ്പോള്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് എന്നതിനാല്‍ അത്തരത്തിലൊരു പ്രതിസന്ധിക്ക് സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എല്ലാ മാസവും 25ാം തിയതിയോടെ പെന്‍ഷന്‍ ബില്‍ കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫിസില്‍നിന്ന് സഹകരണ രജിസ്ട്രാര്‍ക്ക് അയച്ചു കൊടുക്കുകയാണ് പതിവ്. ഇത്തവണ ഇതുവരെ പെന്‍ഷന്‍ ബില്‍ തയാറായിട്ടില്ലെന്നാണ് പറയുന്നത്. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിലെ വീഴ്ച മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി നിരവധി പേര്‍ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്തായിട്ടുണ്ട്. പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് അവസരം കിട്ടുന്നതിനായി സപ്ലിമെന്ററി ലിസ്റ്റ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തിങ്കളാഴ്ചയോടെ തയാറാക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. സപ്ലിമെന്ററി ലിസ്റ്റിനൊപ്പം പെന്‍ഷന്‍ ബില്ലും സമര്‍പ്പിക്കും.
സപ്ലിമെന്ററി ലിസ്റ്റിനു വേണ്ടി പെന്‍ഷന്‍ ബില്‍ വൈകിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചതെന്നാണ് പെന്‍ഷന്‍കാരുടെ ആരോപണം. പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഫയല്‍ കൈമാറിയാലും കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് ഈ മാസം പകുതിയോടെ മാത്രമേ പെന്‍ഷന്‍ ലഭിക്കൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."