വടകരയില്‍ യു.ഡി.എഫ് പൊതുസമ്മതനെ നിര്‍ത്തിയാല്‍ പിന്തുണക്കും: ആര്‍.എം.പി, ഇല്ലെങ്കില്‍ കെ.കെ രമയെ മത്സരിപ്പിക്കും
കോഴിക്കോട്: വടകരയില്‍ യു.ഡി.എഫ് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കാനും ഇല്ലെങ്കില്‍ കെ.കെ രമയെ മത്സരിപ്പിക്കാനും ആര്‍.എം.പി.ഐ തീരുമാനം. രമയെ മത്സരിപ്പിക്കാന്‍ ധാരണയായിരുന്നെങ്കിലും അന്തിമ തീരുമാനം യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതിനു ശേഷമായിരിക്കും എടുക്കുക. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പി. ജയരാജന്‍ എത്തിയ സാഹചര്യത്തിലാണ് വടകരയില്‍ കടുത്ത മത്സരത്തിന് സാഹചര്യമൊരുക്കാന്‍ ആര്‍.എം.പി.ഐ തയാറാകുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോഴിക്കോട് ചേര്‍ന്ന ആര്‍.എം.പി.ഐ സംസ്ഥാന സമിതി തീരുമാനിച്ചു. രണ്ടു ദിവസത്തിനകം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചശേഷം സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ മത്സരത്തിനിറങ്ങും എന്നുപറഞ്ഞ സംസ്ഥാന സെക്രട്ടറി എന്‍. വേണു വടകരയില്‍ പി. ജയരാജനെതിരേ ശക്തയായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് തീരുമാനമെന്നും അറിയിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രചാരണം വടകരയില്‍ സംഘടിപ്പിക്കും.
കെ.കെ രമയെ വടകരയില്‍ മത്സരിപ്പിക്കാന്‍ സംസ്ഥാന സമിതി തത്വത്തില്‍ തീരുമാനിച്ചു. യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമെന്നും വേണു വ്യക്തമാക്കി. അതേസമയം ആര്‍.എം.പി.ഐക്ക് സ്വീകാര്യനും പി. ജയരാജനെതിരേ ശക്തനായ സ്ഥാനാര്‍ഥിയെയുമാണ് യു.ഡി.എഫ് കൊണ്ടുവരുന്നതെങ്കില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യു.ഡി.എഫിന് പിന്തുണ നല്‍കുമെന്നുമാണ് പാര്‍ട്ടിയുടെ തീരുമാനം. യു.ഡി.എഫുമായി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതീകമായ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. ജയരാജനെ തോല്‍പ്പിക്കുക എന്നത് ആര്‍.എം.പി.ഐയുടെ ശക്തമായ തീരുമാനമാണ്. അതിനായി എല്ലാ അടവുനയങ്ങളും പ്രയോഗിക്കുമെന്നും വേണു കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."