സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ഏതൊരു സാഹചര്യത്തിലും അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മുണ്ടേരി മണിയങ്കോട്ടപ്പന്‍ ക്ഷേത്ര പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമെന്ന നിലയ്ക്ക് 2017ലാണ് ശബരിമല ഇടത്താവളമെന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. നിരവധി ചര്‍ച്ചകള്‍ക്കു ശേഷം കേരളത്തിലെ 38 ക്ഷേത്രങ്ങളില്‍ ഇടത്താവളങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 10 ക്ഷേത്രങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
ഇതിലൊന്നാണ് മണിയങ്കോട്ടപ്പന്‍ ക്ഷേത്രം. കിഫ്ബി വഴി 10 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 'വാപ്‌കോസി'നാണ് നിര്‍മാണച്ചുമതല. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. മലബാര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു മാസ്റ്റര്‍ മുഖ്യാതിഥിയായി. ചെയര്‍മാന്‍ എളമന ഹരിദാസ് മന്ത്രിയെ പൊന്നാട അണിയിച്ചു.
ക്ഷേത്രം നവീകരണ കമ്മിറ്റി പ്രസിഡന്റ് ശാന്തിപൃത്വിരാജ് ഉപഹാര സമര്‍പ്പണം നടത്തി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സന്‍ സനിത ജഗദീഷ്, കൗണ്‍സിലര്‍മാരായ ടി.കെ രുഗ്മിണി, ടി. മണി, ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കെ. മുരളി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കമല്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."