കേരകര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമായില്ല
നാദാപുരം: വരള്‍ച്ചാ കണക്കെടുപ്പ് എങ്ങുമെത്താത്തതിനാല്‍ നഷ്ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ വടകര താലൂക്കിലുണ്ടായ വരള്‍ച്ചയില്‍ വന്‍ കൃഷിനാശമാണു സംഭവിച്ചത്. തെങ്ങടക്കം ലക്ഷത്തിലേറെ രൂപയുടെ കാര്‍ഷിക വിളകളാണ് ഇവിടെ വരള്‍ച്ചയില്‍ നശിച്ചത്.
വ്യാപകമായി കൃഷി നശിച്ചതായി പരാതി നല്‍കിയിട്ടും നഷ്ടം തിട്ടപ്പെടുത്താനുള്ള കണക്കെടുപ്പ് മേഖലയില്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കൃഷിഭവന്‍ മുഖേനയാണു കര്‍ഷകര്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി കൃഷിഭവനുകളില്‍ കയറിയിറങ്ങുകയാണ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു നശിച്ച കൃഷിയുടെ കണക്കെടുത്താല്‍ മാത്രമേ നഷ്ടത്തിന്റെ പൂര്‍ണ വിവരം ലഭിക്കുകയുള്ളൂ. തെങ്ങിനു പുറമെ ഇടവിളയായി കൃഷി ചെയ്ത കവുങ്ങ്, ജാതിക്ക, കുരുമുളക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കാണു നാശം സംഭവിച്ചത്.
താലൂക്കില്‍ ഏറ്റവും കൂടുതല്‍ വിളകള്‍ നശിച്ചത് നാദാപുരം, ചെക്യാട്, വളയം, വാണിമേല്‍, എടച്ചരി, മരുതോങ്കര, കുറ്റ്യാടി പ്രദേശങ്ങളിലാണ്. തെങ്ങുകളില്‍ അധികവും കൊടുംവരള്‍ച്ചയില്‍ ചൂട് താങ്ങാനാകാതെ കരിഞ്ഞുണങ്ങുകയായിരുന്നു. ഇതോടൊപ്പം ജാതിക്ക, കുരുമുളക് എന്നിവയെയും വരള്‍ച്ച സാരമായി ബാധിച്ചു. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര കൃഷിമന്ത്രാലത്തിലും നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍ നിയമസഭയിലും വിഷയം ഉന്നയിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. കൂടാതെ കൃഷി വകുപ്പു മന്ത്രി നിയമസഭയില്‍ നഷ്ടപരിഹാരം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ നടപടിക്രമങ്ങളും എങ്ങുമെത്തിയിട്ടില്ല. കൃഷിനാശം സംഭവിച്ചവരില്‍ കൂടുതലും ചെറുകിട കര്‍ഷകരാണ്.
അതിനിടെ, നാളികേരത്തിനുണ്ടായ വിലയിടിവും കേരകര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് 36 രൂപവരെ ലഭിച്ചിരുന്ന നാളികേരത്തിന് ഇപ്പോള്‍ 13 രൂപയാണു വിപണിയില്‍ ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നാളികേര സംഭരണം പാളിയതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. കിലോയ്ക്ക് 25 എന്ന തോതില്‍ കൃഷിഭവന്‍ കേന്ദ്രീകരിച്ചു സംഭരണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പണംകിട്ടാനുള്ള കാലതാമസവും സംഭരണത്തിനു സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളും കര്‍ഷകര്‍ക്കു പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ പലരും ഇതില്‍ നിന്നു പിന്മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."