'അക്ഷരസാഗരം' പദ്ധതി മൂന്ന് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു
#ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ സാക്ഷരതാമിഷന്‍ നടപ്പാക്കിയ 'അക്ഷരസാഗരം' പദ്ധതി മൂന്നു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 138 തീരദേശവാര്‍ഡുകളിലാണ് മൂന്നാംഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
ക്ലാസുകള്‍ 24ന് തുടങ്ങും. ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ 13 വീതവും തൃശൂരില്‍ 15ഉം തീരദേശവാര്‍ഡുകളാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. തീരദേശമേഖലയിലെ നിരക്ഷരര്‍, നവസാക്ഷരര്‍, സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോയവര്‍, ശാരീരിക -മാനസിക വെല്ലുവിളിയുള്ളവര്‍, നാലാംതരം വിജയിക്കാത്ത മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ഉദ്ദേശിച്ചുള്ള സാക്ഷരതാ പദ്ധതിയാണിത്. 17 ന് മുകളില്‍ 60 വയസ് വരെ പ്രായമുള്ളവരെയാണ് പഠിതാക്കളാക്കുന്നത്. 60ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കാം. ആദ്യഘട്ടമായി തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളിലും രണ്ടാംഘട്ടമായി കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലുമാണ് പദ്ധതി നടപ്പാക്കിയത്.
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരസഭ, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര തെക്ക്, പുറക്കാട്, പുന്നപ്ര നോര്‍ത്ത്, ആറാട്ടുപുഴ, തൃശൂര്‍ ജില്ലയിലെ ഇടതുരുത്തി, കൈപ്പമംഗലം, പെരിങ്ങനം, മതിലകം, ടിഎന്‍ പുരം, ഇടവിലങ്ങ്, എറിയാട്, ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, കടപ്പുറം, പുന്നയൂര്‍ക്കുളം, പുന്നയൂര്‍, കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ കോര്‍പറേഷന്‍, തലശ്ശേരി നഗരസഭ, രാമന്തളി, മാട്ടൂല്‍, മാടായി, അഴിക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി,ന്യൂമാഹി, മുഴപ്പിലങ്ങാട്, ധര്‍മ്മടം, ചെറുകുന്ന്, കണ്ണപുരം എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പുതുതായി പദ്ധതി തുടങ്ങുന്നത്. ഈ മാസം ഒന്‍പത് മുതല്‍ 15 വരെ പഠിതാക്കളെ കണ്ടെത്തും.
മൂന്നുമാസത്തെ ക്ലാസിനുശേഷം മികവുത്സവം എന്ന പേരില്‍ സാക്ഷരതാ പരീക്ഷ നടത്തി വിജയികള്‍ക്ക് ജൂലൈ 21 ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ക്ലാസ് നയിക്കാന്‍ 138 ഇന്‍സ്ട്രക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ഒരു ഇന്‍സ്ട്രക്ടര്‍ കുറഞ്ഞത് 25 നിരക്ഷരരെ സാക്ഷരതാ ക്ലാസില്‍ എത്തിക്കുകയും മികവുത്സവം സാക്ഷരതാ പരീക്ഷയയില്‍ പങ്കെടുപ്പിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."