HOME
DETAILS
MAL
ജഡ്ജിമാര്‍ പോലും നീതിക്കുവേണ്ടി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വരേണ്ട അവസ്ഥ: രാഹുല്‍
backup
March 12 2019 | 16:03 PM
അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ വികാരം വച്ച് കളിക്കുകയാണെന്നും ഭിന്നിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി നശിപ്പിക്കുകയാണ്. ജനങ്ങളെ വിഡ്ഡിയാക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇനിയും നരേന്ദ്രമോദിയെ അനുവദിക്കില്ലെന്നു രാഹുല്‍ പറഞ്ഞു. ഗുജറാത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രത്തെ തോല്‍പിക്കാനുള്ള ഒരു ത്യാഗവും അധികമാവില്ല. 'വിദ്വേഷം, വൈരാഗ്യം, ഭിന്നിപ്പിക്കല്‍, ഫാസിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെ തോല്‍പിക്കുമെന്ന് പ്രവര്‍ത്തക സമിതി ദൃഢനിശ്ചയം ചെയ്യുകയാണ്. ഒരു ത്യാഗവും ഈ ലക്ഷ്യത്തില്‍ അധികമാവുകയോ പാഴാവുകയോ ഇല്ല. ഈ യുദ്ധം ജയിക്കുക തന്നെ ചെയ്യുമെന്നും യോഗശേഷം രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.
അതേസമയം, പ്രവര്‍ത്തകസമിതിക്കു ശേഷം ഗാന്ധിനഗറില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലും കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ അദ്ദേഹം നിശിതവിമര്‍ശനം അഴിച്ചുവിട്ടു. രണ്ടുതത്വങ്ങളുടെ ഏറ്റുമുട്ടലുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും അതിനാലാണ് പ്രവര്‍ത്തകസമിതി ഗുജറാത്തില്‍ വച്ചതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി തന്റെ ജീവിതം തന്നെ രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ചിരുന്നു. എന്നാലിപ്പോള്‍ ജനാധിപത്യത്തെ തളര്‍ത്തുന്ന തരത്തിലുള്ള ഭരണമാണ് ഗുജറാത്തില്‍ നടക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് ജനങ്ങളെ രണ്ടാക്കി വിഭജിച്ചിരിക്കുന്നു. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ കുറിച്ചു സര്‍ക്കാര്‍ സംസാരിക്കുന്നില്ല.
തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം. തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിലയിലാണ്. ജോലി ലഭിക്കാന്‍ യുവാക്കള്‍ ബുദ്ധിമുട്ടുകയാണ്. കര്‍ഷകരുടേതാണ് പിന്നീടുള്ള വലിയ പ്രശ്‌നം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായതാണ്. ഇതിനാല്‍ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ കര്‍ഷകര്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ല. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും അധികാരത്തിലെത്തി 10 ദിവസത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളി. ഗുജറാത്തിലെ ജനങ്ങളുടെ വായ്പ എഴുതിത്തള്ളാന്‍ ഞങ്ങള്‍ക്ക് ഒരവസരം ലഭിക്കാത്തതില്‍ വിഷമമുണ്ട്. അവരുടെ വിഷമം മനസിലാകും.
പ്രസംഗത്തിനിടെ റഫേല്‍ ഇടപാടിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പാക് അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തിയ സൈന്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എന്നാല്‍ അവരില്‍നിന്ന് 30,000 കോടി മോഷ്ടിച്ച് അനില്‍ അംബാനിക്കു നല്‍കിയതിനോട് അദ്ദേഹം മൗനംപാലിച്ചു. റാഫേല്‍ അഴിമതി സംബന്ധിച്ച് അന്വേഷണം തുടങ്ങാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ സി.ബി.ഐ ഡയറക്ടറെ നരേന്ദ്രമോദി മാറ്റി. അഴിമതിക്കെതിരെ പോരാടുമെന്നാണ് മോദി വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ എന്തുകൊണ്ടാണ് 30,000 കോടി രൂപ അദ്ദേഹം അംബാനിക്കു നല്‍കിയത്. സ്വന്തമായി കടലാസ് വിമാനം പോലും പറത്തിയിട്ടില്ലാത്ത ആളാണ് അനില്‍ അംബാനിയെന്നും രാഹുല്‍ പരിഹസിച്ചു.
ചരിത്രത്തിലാദ്യമായി സുപ്രിംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്താസമ്മേളനം നടത്തേണ്ട അവസ്ഥയുണ്ടായി. സാധാരണ ജനങ്ങള്‍ നീതിക്കുവേണ്ടി സുപ്രിംകോടതിയിലേക്കാണു പോകുന്നത്. എന്നാല്‍, ഇന്ത്യയിലെ ജഡ്ജിമാര്‍ നീതിവേണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വരികയാണ്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."