പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടണമെന്ന് കോടിയേരി
കൊച്ചി:വിഷുവിനും ഓണത്തിനും മാത്രമല്ലാതെ വിഷമില്ലാത്ത പച്ചക്കറി എല്ലായിപ്പോഴും കൃഷിചെയ്ത് ഉപയോഗിക്കുന്നതരത്തില്‍ കേരളം സ്വയം പര്യാപ്തത നേടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഇപ്പോള്‍ വിഷുവിനും ഓണത്തിനുമൊക്കെ ഉപയോഗിക്കാവുന്ന തരത്തിലാണ് പച്ചക്കറികൃഷി.ബാക്കി ദിവസങ്ങളിലൊക്കെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് വിഷമയമായ പച്ചക്കറികളാണ് എത്തുന്നത്.ഇത് മാരകരോഗങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. എറണാകുളം രാജേന്ദ്രമൈതാനിയില്‍ സി.പി.എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വിഷുവിന് വിഷരഹിത പച്ചക്കറി' എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ദ്വിദിന ജൈവ പച്ചക്കറിമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
നിലവില്‍ 20,000 ഏക്കര്‍ സ്ഥലത്താണ് സഹകരണസംഘങ്ങളുടെയും കുടുംബശ്രീ യൂനിറ്റുകളുടെയും സഹകരണത്തോടെ സംസ്ഥാനത്ത് പച്ചക്കറി കൃഷി ചെയ്യുന്നത്.കേരളത്തിന് ആവശ്യമായ പച്ചക്കറി ഉല്‍പ്പാദിപ്പിക്കാന്‍ ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.ഏക്കര്‍ കണക്കിന് ഭൂമി തരിശായി കിടപ്പുണ്ട്. ഇത് കൃഷിചെയ്ത് ഉപയോഗപ്രദമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം.
സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നെല്ലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.സാക്ഷരതാപ്രവര്‍ത്തനം ഏറ്റെടുത്തതുപോലെ ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട പദ്ധതിയാണ് ഹരിതകേരളം പദ്ധതിയെന്നും കോടിയേരി പറഞ്ഞു.ചടങ്ങില്‍ ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ അധ്യക്ഷനായിരുന്നു.എം.സി സുരേന്ദ്രന്‍,കെ.എം സുധാകരന്‍,അനില്‍ കുമാര്‍,സീനു ലാല്‍, അബ്ബാസ്,സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ നടക്കുന്ന മേള ഇന്ന് സമാപിക്കും.ചടങ്ങില്‍ പാര്‍ട്ടിഓഫിസില്‍ കൃഷിചെയ്ത വാഴക്കുലയും കോടിയേരിക്ക് സമ്മാനിച്ചു.മേളയിലെ ആദ്യവില്‍പന കൗണ്‍സിലര്‍ എലിസബത്ത് ടീച്ചറിന് പച്ചക്കറി നല്‍കികൊണ്ട് കോടിയേരി നിര്‍വഹിച്ചു. ജില്ലയില്‍ 115 കേന്ദ്രങ്ങളിലാണ് ജൈവ പച്ചക്കറിമേള നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."