രസമാണ് രസതന്ത്രം
കൈനിറയെ അവസരങ്ങളുമായി
കൈയക്ഷരപഠനം
#ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്
9400577531
കൈയക്ഷരം നോക്കി ഭാവി സുരക്ഷിതമാക്കാം- എങ്ങിനെയെന്നല്ലേ...
കൈകൊണ്ടുള്ള എഴുത്ത് അന്യംനിന്നു കൊണ്ടിരിക്കുന്ന ഈ ഉത്തരാധുനിക ഡിജിറ്റല്‍ കാലഘട്ടത്തിലും കൈ നിറയെ അവസരങ്ങളുമായി കാത്തിരിക്കുകയാണ്- കൈയക്ഷരപഠനം.
കൈയ്യക്ഷരം വിശകലനം ചെയ്ത് സ്വഭാവ സവിശേഷതകള്‍ കണ്ടെത്താന്‍ കഴിയുമെന്നത് ഏറെ പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷെ ഇതേ വിശകലന പാടവം ശാസ്ത്രീയമായി പഠിച്ചാല്‍ - തിരിച്ചറിയാനും, മൂല്യനിര്‍ണയം നടത്തി തിട്ടപ്പെടുത്താനും സാധിച്ചാല്‍ - ഒരു നല്ല കരിയര്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്!
ഗ്രാഫോളജിസ്റ്റ് എന്നറിയപ്പെടുന്ന ഈ പ്രൊഫഷനലുകള്‍ മനുഷ്യരുടെ വ്യക്തിത്വത്തെ അവരുടെ കൈപ്പടവച്ച് തിരിച്ചറിയുന്നവരാണ്.
ഒരാളുടെ മട്ടും മാനസികാവസ്ഥയും വൈകാരിക തലങ്ങളും സര്‍ഗാത്മകതയും ഇഷ്ടാനിഷ്ടങ്ങളും ശക്തിയും ദൗര്‍ബല്യവും എന്നു വേണ്ട, വ്യത്യസ്ത മേഖലയില്‍ പ്രദര്‍ശിപ്പിക്കാനാവുന്ന സാമര്‍ഥ്യം അടക്കമുള്ള പലതും കൈയക്ഷരത്തിലൂടെ വെളിപ്പെടുന്നു. ഈ വെളിപ്പെടുത്തലുകള്‍ നടത്താന്‍ നിരവധി പ്രൊഫഷണലുകളെ നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ട്.
കൈയക്ഷരം എന്നാല്‍...
കൈപ്പട പരിശോധിക്കല്‍ എന്ന പ്രക്രിയയ്ക്ക് നിരവധി തലങ്ങളുണ്ട്. അത് ആഗോളതലത്തിലുള്ള മനുഷ്യരുടെ കൈപ്പടയില്‍ കാണുന്ന ചില പൊതുസ്വഭാവങ്ങളില്‍ തുടങ്ങി, ഓരോരുത്തരുടെയും അക്ഷരങ്ങളിലുള്ള വലിപ്പവും രൂപവും വാക്കുകള്‍ക്കും വരികള്‍ക്കും ഇടയിലുള്ള സ്ഥാനവും സ്ഥലവിടവും മിനുക്കലും ക്രമീകരിക്കലും അക്ഷരങ്ങളിലെ വളയങ്ങളും പരിഭ്രമണവും ചരിവും നീളവും വലിപ്പവും പരപ്പും വരെ നീണ്ടു കിടക്കുന്ന, വ്യക്തിത്വ സവിശേഷതകളുടെ പ്രതിഫലനവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
എഴുതുമ്പോള്‍ ആവശ്യത്തിലേറെയും അനാവശ്യമായും കുത്തുകളിടുന്നവര്‍ ആത്മവിശ്വാസം കുറഞ്ഞവരും ജീവിതത്തില്‍ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ വിമുഖരുമായിരിക്കും എന്ന നിരീക്ഷണം ഒരു ഉദാഹരണം മാത്രം.
തൊഴില്‍ സാധ്യതകള്‍
വ്യാവസായിക കോര്‍പറേറ്റുകളും കണ്‍സള്‍ട്ടന്റുകളുമാണ് പ്രധാനമായും ഗ്രാഫോളജിസ്റ്റുകളുടെ തൊഴില്‍ദാതാക്കള്‍. ചെറുതും വലുതുമായ തസ്തികകളിലേക്ക് കമ്പനികള്‍ റിക്രൂട്ട് നടത്തുന്ന വേളയില്‍ അപേക്ഷകളുടെ കൈപ്പടയും ഒപ്പുമൊക്കെ വിശകലനം ചെയ്ത് വ്യക്തിത്വ സവിശേഷതകളെയും അഭിരുചികളെയും കഴിവുകളേയും വിലയിരുത്തുക എന്നതാണ് ഗ്രാഫോളജിസ്റ്റുകളുടെ പ്രധാന റോള്‍.
കോടതികളും പൊലിസും ഫോറന്‍സിക് വിഭാഗവുമടങ്ങുന്ന നമ്മുടെ നീതിനിര്‍വഹണ മേഖലയിലും ഗ്രാഫോളജിസ്റ്റുകളുടെ സേവനം അനിവാര്യമാണ്.
ചെക്ക്, ലീഗല്‍ നോട്ട്, ഒഫീഷ്യല്‍ ഡോക്യുമെന്റ് എന്നിവയുടെ നിജസ്ഥിതി ഇവരാണ് മനസിലാക്കുന്നത്.
പുതിയകാലത്തിന്റെ അനിവാര്യതയായി സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇക്കൂട്ടരുടെ സാന്നിധ്യം ആവശ്യമായിട്ടുണ്ട്.
ഒരാള്‍ക്ക് ഏതു കരിയറില്‍ തിളങ്ങാനാവും എന്നു പറഞ്ഞു കൊടുക്കാനും ഗ്രാഫോളജിസ്റ്റുകള്‍ നിയമിക്കപ്പെടാറുണ്ട്.
ടീം ബില്‍ഡിങ്ങ്, കൗണ്‍സിലിങ്ങ്, വ്യക്തിത്വ വികസനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഗ്രാഫോളജിസ്റ്റുകള്‍ക്ക് ഒരല്‍പം മനഃശാസ്ത്രം കൂടി അറിയുന്നത് ഗുണകരമായിരിക്കും.
കാരണം സമീപനങ്ങളിലുള്ള മാറ്റങ്ങള്‍ ആവശ്യമായവരെ പരിശീലിപ്പിക്കുന്നത് ഇപ്പോള്‍ ഗ്രാഫോതെറാപ്പിയിലൂടെയാണ്.
മികച്ച സ്ഥാപനങ്ങള്‍
ഒഴുക്കോടു കൂടിയുള്ള ആശയ വിനിമയ പാടവം, ജിജ്ഞാസ, അതിസൂക്ഷ്മമായ കാര്യങ്ങള്‍ പോലും നിരീക്ഷിച്ചറിയാനുള്ള കഴിവ് എന്നിവയുള്ളവര്‍ക്ക് പ്രത്യേകിച്ച് അക്കാദമിക് മികവുകളൊന്നുമില്ലെങ്കിലും ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കും.
അതുകൊണ്ടുതന്നെ, ഇന്ത്യയിലുടനീളം ഈ മേഖലയിലുള്ള സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമാ കോഴ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്.
കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാഫോളജി, കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാംസ് മുംബൈ, ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഗ്രാഫോളോജിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവയാണ് മികച്ച സ്ഥാപനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."