പച്ച പോസ്റ്ററിനു പിന്നാലെ അറബിയില്‍ ചുവരെഴുത്തുമായി സി.പി.എം; അറബി ഭാഷാ സമരക്കാര്‍ക്കു നേരെ വെടിവയ്പ്പ് നടത്തിയ പാര്‍ട്ടിക്ക് ഇതെന്തുപറ്റിയെന്ന് സോഷ്യല്‍ മീഡിയ
കോഴിക്കോട്: പച്ച നിറത്തിലുള്ള പോസ്റ്ററിനു പിന്നാലെ അറബി മലയാളത്തിലും ചുവരെഴുത്തു നടത്തിയുള്ള സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം.ബി രാജേഷിനു വേണ്ടിയാണ് സി.പി.എം പ്രവര്‍ത്തകര്‍ അറബി മലയാളത്തില്‍ ചുവരെഴുത്തു നടത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് എന്നാണ് അറബി ഭാഷയില്‍ എഴുതിയിരിക്കുന്നത്. ഒരേ ചുമവരില്‍ തന്നെ തമിഴിലും അറബിയിലും മലയാളത്തിലും രാജേഷിനു വോട്ടര്‍ഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തിന്റെ ചിത്രം സി.പി.എം അനുകൂല പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
പാര്‍ട്ടിയുടെ പ്രചാരണരീതി വലിയതോതില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. അറബി ഭാഷയുടെ സംരക്ഷണത്തിനു വേണ്ടി 1980ലെ റമദാനില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കു നേരെ വെടിവച്ചു മൂന്നുപേരെ കൊലപ്പെടുത്തിയ പാര്‍ട്ടിക്ക് ഇതെന്തുപറ്റിയെന്ന് സോഷ്യല്‍മീഡിയയില്‍ ചോദ്യമുയര്‍ന്നു. ചുവരെഴുത്തിനൊപ്പം 'മാഷാ അള്ളാ' എന്നു കൂടി എഴുതിവയ്ക്കണമായിരുന്നുവെന്ന് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം കൊലയാളികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ഇന്നോവ കാറിലെ മാഷാ അള്ളാ സ്റ്റിക്കര്‍ സൂചിപ്പിച്ചു മറ്റുചിലരും അഭിപ്രായപ്പെട്ടു. മുസ്ലിംകള്‍ക്ക് അറബിഭാഷയെക്കാള്‍ ഇംഗ്ലീഷും മനസ്സിലാവുമെന്നും അതിനു മാത്രം സമുദായം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ചിലരും അഭിപ്രായപ്പെട്ടു.
2017ലെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫൈസലിനു വേണ്ടി പച്ചനിറത്തിലുള്ള പോസ്റ്റര്‍ ഒട്ടിച്ചതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 2005ല്‍ മലപ്പുറത്തു നടന്ന സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായും വ്യാപകമായി അറബി ഭാഷയില്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. മുസ്ലിംസമുദായത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക എന്ന അജണ്ടയോടെ നടത്തിയ മലപ്പുറം സമ്മേളനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി അറബി മലയാളം ചുവരെഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടത്. അറബി ഭാഷയില്‍ സമ്മേളന ഗേറ്റുകളും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."