എത്യോപ്യയിലെയും ഇന്ത്യോനേഷ്യയിലെയും വിമാനാപകടങ്ങളില്‍ സാമ്യം
അഡിസ് അബാബ: എത്യോപ്യയില്‍ തകര്‍ന്നുവീണ യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകളുടെ പരിശോധന പൂര്‍ത്തിയായി.
എത്യോപ്യയില്‍ കഴിഞ്ഞ 10നും ഇന്തോനേഷ്യയില്‍ കഴിഞ്ഞ ഒക്ടോബറിലും ഉണ്ടായ വിമാനാപകടങ്ങളുടെ കാരണങ്ങളില്‍ തമ്മില്‍ സാമ്യമുള്ളതായി പരിശോധനയില്‍ കണ്ടെത്തി.
എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെയും ഇന്തോനേഷ്യയുടെ ലയണ്‍ എയറിന്റെയും വിമാനങ്ങളാണ് ഇരുരാജ്യങ്ങളിലുമായി അപകടത്തില്‍പ്പെട്ടത്.
രണ്ടുകമ്പനികളും ബോയിങ് മാക്‌സ്-8 ശ്രേണിയിലെ വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്.
ഇന്തോനേഷ്യന്‍ വിമാനാപകടത്തിനിടയാക്കിയ കാരണം തന്നെയാണ് എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ അപകടത്തിനു പിന്നിലെന്നും എത്യോപ്യന്‍ ഗതാഗതമന്ത്രാലയം അറിയിച്ചു.
രണ്ടുവിമാനങ്ങളും ടേക് ഓഫ് കഴിഞ്ഞ് മിനുട്ടുകള്‍ക്കമാണ് അപകടത്തില്‍പ്പെട്ടത്. ബ്ലാക്ക് ബോക്‌സിനുള്ളിലെ വിവരങ്ങള്‍ പൂര്‍ണമായും വീണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നത്. അന്തിമറിപ്പോര്‍ട്ട് മൂന്നുനാലുദിവസങ്ങള്‍ക്കുള്ളില്‍ തയാറാവുമെന്നും മന്ത്രാലയം അറിയിച്ചു.
ബ്ലാക്ക് ബോക്‌സിലെ കോക്പിറ്റ് വോയ്‌സ് റെക്കോഡറിലെയും ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോഡറിലെയും വിവരങ്ങളാണ് പരിശോധിക്കുന്നത്. തകരുന്നതിനു തൊട്ടുമുന്‍പുള്ള വിമാനത്തിലെ സാഹചര്യങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ പരിശോധനയില്‍ ലഭിക്കും.
ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അപകടസ്ഥലത്തെ മണ്ണ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഏറെസമയം ആവശ്യമായതിനാലാണിത്.
ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ്- 8 ശ്രേണിയിലെ വിമാനങ്ങള്‍ ഉപേക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."