ബാലപീഡനത്തില്‍ ജില്ല ഒന്നാമത്
തൃശൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാലപീഡനം നടക്കുന്നത് തൃശൂര്‍ ജില്ലയില്‍. 896 കേസുകളാണ് 2013 മുതല്‍ ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പ്രതിമാസം ശരാരശരി 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പെണ്‍കുട്ടികളാണ് ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയാകുന്നത്.
ആണ്‍ പെണ്‍ അനുപാതത്തില്‍ ഇത് 82:18 ആണ്. ആണ്‍കുട്ടികള്‍ക്കെതിരേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കുറവാണ് അനുപാതം കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പെണ്‍കുട്ടികള്‍ക്കെതിരേയുള്ള കേസുകള്‍ പോലും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) പയസ് മാത്യു പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ പലപ്പോഴും മറച്ചുവക്കുകയാണ്. കുട്ടികള്‍ക്കെതിരായ അതിക്രമം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത് സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നാണ്.
2012ല്‍ പോക്‌സോ നിയമം നിലവില്‍ വന്നതിന് ശേഷം ജില്ലയില്‍ 12 വയസിന് താഴേയുള്ള 206 കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായി.
ആറ് വയസിന് താഴേയുള്ള 63 പേരും ഒരു വയസിന് താഴേയുള്ള ഏഴ് കുട്ടികളും അതിക്രമത്തിന് ഇരയായി. എന്നാല്‍ 52 ശതമാനം കേസുകളും 13 മുതല്‍ 18 വരേ പ്രായമുള്ളവര്‍ക്കെതിരേയാണ്.
ഉഭയസമ്മതത്തോടേയും കുടുംബാംഗങ്ങങ്ങളുടെ സമ്മതത്തോടേയും കുട്ടികള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്നവരില്‍ ഏഴ് ശതമാനം പേര്‍ 18 വയസില്‍ താഴേയുള്ളവരാണ്.
മയക്കുമരുന്നിന്റെ ഉപയോഗവും സോഷ്യല്‍ മീഡിയയുടെ സ്വാധീനവുമൊക്കെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.
എന്നാല്‍ ഇത്രയധികം കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പോക്‌സോ കേസുകള്‍ വിചാര ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണ്.
പോക്‌സോ കേസ് കൈകാര്യം ചെയ്യാന്‍ പ്രതേൃക കോടതിയില്ലാത്തതാണ് കേസുകള്‍ കെട്ടികിടക്കാന്‍ കാരണം. എഴുന്നൂറോളം കേസുകള്‍ വിചാരണ നടക്കാതെ കിടക്കുന്നു. ഇതില്‍ 654 കേസുകളുടെ എല്ലാവിധ തെളിവെടുപ്പും പൂര്‍ത്തിയായതാണ്.
പോക്‌സോ കേസുകള്‍ ഓരോ ജില്ലയിലും കണക്കെടുപ്പ് നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശമുള്ളപ്പോഴാണ് ഈ അവസ്ഥ. ഇതുവരെ 40 കേസുകളില്‍ മാത്രമാണ് വിചാരണ നടന്നത്.
ഇതില്‍ 36 കേസുകളിലേയും പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ നാല് മാസമായി ഒരു കേസു പോലും വിചാരണക്കെടുക്കാന്‍ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി ഒന്നിന് കഴിഞ്ഞിട്ടില്ല.
മറ്റ് കേസുകളുടെ ബാഹുല്യമാണ് പോക്‌സോ കേസുകള്‍ എടുക്കുന്നതിന് തടസം. 2013 ല്‍ പീഡനത്തിനിരയായ 15 വയസായ കുട്ടിയുടെ കേസ് അഞ്ച് വര്‍ഷത്തിന് ശേഷം വിചാരണക്കെടുക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.
ഇത് ഇരയായ കുട്ടിയുടെ ഭാവിയെ ഏറെ പ്രതികൂലമായി ബാധിക്കുന്നു.
പ്രായപൂര്‍ത്തിയാകുന്ന കുട്ടികളുടെ വിവാഹത്തെയും തുടര്‍ പഠനത്തെയും കേസുകള്‍ സാരമായി ബാധിക്കുന്നതിനാല്‍ ഏതുവിധേനയും കേസ് പിന്‍വലിക്കേണ്ട ഗതികേടിലും ദുരവസ്ഥയിലുമാണ് മാതാപിതാക്കള്‍.
പല കേസുകളും സ്വാധീനമുപയോഗിച്ച് ഒത്തുതീര്‍പ്പാക്കുന്ന സ്ഥിതിയുമുണ്ട്.
പോക്‌സോ കോടതികള്‍ നിലവിലുള്ള തിരുവന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ റെക്കോര്‍ഡ് വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനാല്‍ ഇത്തരം അതിക്രമങ്ങള്‍ തൃശൂരിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.
പീഡന സംഭവങ്ങളും മറ്റും കുട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന ഭീതിയിലും ആശങ്കയിലും പലരും റിപ്പോര്‍ട്ട് ചെയ്യാനോ പരാതി നല്‍കാനോ തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."