വിട വാങ്ങിയത് ബഹുമുഖ പ്രതിഭ
ഇ. പി മുഹമ്മദ്
കോഴിക്കോട്: രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്‍, പ്രഭാഷകന്‍, പാര്‍ലമെന്റേറിയന്‍, മാധ്യമ സ്ഥാപന മേധാവി എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ പ്രതിഭയാണ് എം.പി വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ പുതുതലമുറയുമായി ചേര്‍ത്തു നിര്‍ത്തിയ കണ്ണിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പതാകാ വാഹകനായും, പാര്‍ലമെന്റിലെ മുഴങ്ങുന്ന ശബ്ദമായും പതിറ്റാണ്ടുകളോളം ജ്വലിച്ചുനിന്നു. പരിസ്ഥിതിയെയും മനുഷ്യനെയും കുറിച്ച് ഇത്രയേറെ ആഴത്തില്‍ ചിന്തിച്ച രാഷ്ട്രീയ നേതാക്കള്‍ അപൂര്‍വമാണ്.
1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയില് പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ.പത്മപ്രഭാഗൗഡരുടേയും മരുദേവി അവ്വയുടേയും മകനായി ജനിച്ച വീരേന്ദ്രകുമാര്‍ കുട്ടിക്കാലത്തു തന്നെ എഴുത്തിലും രാഷ്ട്രീയത്തിലും സജീവമായി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ജയപ്രകാശ് നാരായണന്‍ ആണ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നല്കിയത്. പാര്‍ട്ടിയുടെ വേദികളില്‍ തിളങ്ങിയ യുവാവിന്റെ രാഷ്ട്രീയ വളര്‍ച്ച പിന്നീട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്‍ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളുമായി അദ്ദേഹം ഏറെ അടുപ്പം പുലര്‍ത്തി.
അടിയന്തരാവസ്ഥക്കെതിരെ അദ്ദേഹം മുന്നില്‍ നിന്ന് പൊരുതി. ഇതിന്റെ പേരില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടലും ജയിലില്‍ പോകേണ്ടി വരികയും ചെയ്‌തെങ്കിലും അദ്ദേഹം പതറിയില്ല. പരിസ്ഥിതി സ്‌നേഹിയായ വീരേന്ദ്രകുമാര്‍ മന്ത്രിയായപ്പോള്‍ വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.
രാഷ്ട്രീയത്തിനൊപ്പം സാഹിത്യത്തിലും അദ്ദേഹം മികവ് തെളിയിച്ചു.ഹൈമവതഭൂവില്‍, ആമസോണും കുറേ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, രാമന്റെ ദു:ഖം തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയാല്‍ പിറന്നു. ഒട്ടേറെ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.
പ്രഭാഷണ വേദികളില്‍ ഇടിമുഴക്കം സൃഷ്ടിച്ച വീരേന്ദ്രകുമാറിനെ കേള്‍ക്കാന്‍ രാഷ്ട്രീയ നിറം നോക്കാതെ ആളുകള്‍ തടിച്ചുകൂടുമായിരുന്നു. മലയാള മാധ്യമ രംഗത്തും അദ്ദേഹം തലയെടുപ്പോടെ നില കൊണ്ടു. സംഘ്പരിവാറിന്റെ ഭീകര രാഷ്ട്രീയത്തിനെതിരെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും ശബ്ദിച്ചു. പരിസ്ഥിതി വിഷയങ്ങളില്‍ അവസാന കാല വരെ കണിശ നിലപാട് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."