ചോരക്കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ആലുവ: ചോരക്കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴം രാത്രി ഒമ്പത് മണിയോടെ കളമശേരി എച്ച്.എം.ടി റോഡില്‍ മെഡിക്കല്‍ കോളജിന് സമീപമുള്ള വിജനമായ റോഡരികിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
എറണാകുളത്ത് ബിസിനസുള്ള എബിന്‍ജോസ് എന്ന യുവാവാണ് ജോലികഴിഞ്ഞ് രാത്രിയില്‍ ആലുവ കമ്പനിപ്പടിയിലുള്ള വീട്ടിലേക്ക് ബൈക്കില്‍ വരുന്നവഴിയാണ് റോഡരികില്‍ ചാറ്റല്‍മഴയത്ത് കിടന്നിരുന്ന കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ വണ്ടിനിര്‍ത്തി കുഞ്ഞിന്റെ സമീപത്ത് എത്തി പരിസരമാകെ നിരീക്ഷിച്ചെങ്കിലും ആരെയും കാണുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എബിന്‍ ജനസേവ ശിശുഭവനിലെ ജോസ് മാവേലിയെ ഫോണില്‍ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒരു ടാക്‌സികാര്‍ വിളിച്ച് കുഞ്ഞിനേയുംകൊണ്ട് രാത്രി ഒന്‍പത് മണിയോടെ എബിന്‍ ജനസേവ ശിശുഭവനില്‍ എത്തിയത്.
അവശനിലയിലായിരുന്ന കുഞ്ഞിന്റെ താല്‍ക്കാലിക ചുമതല ഏറ്റെടുത്ത ജനസേവ ശിശുഭവന്‍ അധികൃതര്‍ കുഞ്ഞിനെ ഉടന്‍തന്നെ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ.സി.എം ഹൈദരാലിയുടെ നേതൃത്വത്തില്‍ കുഞ്ഞിനെ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലിയിരുത്തി. കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും എന്നിരുന്നാലും മഴ നനഞ്ഞ് കിടന്നിരുന്നതിനാല്‍ ക്ഷീണിതയായ കുഞ്ഞിന് രണ്ട് മൂന്ന് ദിവസം ശിശുരോഗ വിദഗ്ധരുടെ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
കുഞ്ഞിന്റെ ഭാവിസംരക്ഷണ നടപടികള്‍ക്കായി ശിശുക്ഷേമസമിതി, ആലങ്ങാട് പൊലിസ് എന്നിവിടങ്ങളില്‍ വിവരം അറിയിച്ചതായി ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."