കനത്ത വേനല്‍ മഴയിലും കാറ്റിലും ജില്ലയില്‍ 3.5 കോടിയുടെ കൃഷിനാശം
കാക്കനാട്: ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി പെയ്ത വേനല്‍ മഴയില്‍ കാര്‍ഷിക മേഖലയില്‍ 3.5 കോടിയുടെ നഷ്ടം. രണ്ട് മാസങ്ങളിലായി പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് കനത്ത നാശം വിതച്ചത്.
ജില്ലയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം 2.13 കോടിയുടെ കൃഷി നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ ശേഖരിച്ചുവരുന്നതേയുള്ളു. ഈ രണ്ട് മാസങ്ങളിലായി കാര്‍ഷിക മേഖലയില്‍ മൂന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കഷ്ടിച്ച് അരമണിക്കൂറിനകം പെയ്‌തൊഴിയുന്ന മഴ കര്‍ഷകരെ കണ്ണീരിലാക്കിയാണ് കടന്നുപോകുന്നത്. മഴയോടൊപ്പം ഉണ്ടാകുന്ന കാറ്റിലാണ് കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന നാശനഷ്ടം സംഭവിക്കുന്നത്. മുന്‍ കാലങ്ങളിലൊന്നും വേനല്‍ മഴയില്‍ ഇത്രയേറെ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മാര്‍ച്ച് മാസത്തിലെ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വാഴ കൃഷിക്കാണ് കനത്ത നഷ്ടമുണ്ടായത്.
കിഴക്കന്‍ മേഖലയില്‍ വാഴ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നാശനഷ്ടം. മാര്‍ച്ചില്‍ മാത്രം 69,518 കുലച്ച വാഴകളാണ് കനത്ത കാറ്റില്‍ നിലം പൊത്തിയത്. 1.74 കോടിയുടെ നഷ്ടമുണ്ടായി. 24,028 കുലക്കാത്ത വാഴകള്‍ നഷ്ടപ്പെട്ടത് വഴി 24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നാല് ലക്ഷം രൂപയുടെ ജാതി കൃഷിയും നഷ്ടപ്പെട്ടു. ഒന്‍പത് ഹെക്ടര്‍ സ്ഥലത്ത് 1.88 ലക്ഷം രൂപയുടെ മരിച്ചിനീനയും നഷ്ടമായി. എട്ടര ലക്ഷം രൂപയുടെ റബര്‍ ഉള്‍പ്പെടെ മാര്‍ച്ചിലെ നാശനഷ്ടം രണ്ട് കോടി കടന്നതെങ്കില്‍ ഏപ്രിലിലെ നഷ്ടം ഉള്‍പ്പെടെ മൂന്ന് മുതല്‍ മൂന്നര കോടി വരെ ആയേക്കുമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.
മഴയും,കാറ്റും;പടിഞ്ഞാറന്‍ കൊച്ചിയില്‍ കനത്ത നാശനഷ്ടം
മട്ടാഞ്ചേരി: വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും, മഴയിലും പടിഞ്ഞാറന്‍ കൊച്ചിയില്‍ കനത്ത നാശനഷ്ടങ്ങള്‍. മട്ടാഞ്ചേരി പള്ളിയറക്കാവു ക്ഷേത്ര വളപ്പിലെ വന്‍ വൃക്ഷം കടപുഴകി വീണ് മൂന്ന് കടകള്‍ തകര്‍ന്നു. പി.എ ഷൗക്കത്തിന്റെ ചെരിപ്പുകടയും, പി.എം യഹിയയുടെ തുണി ക്കടയും പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തെ നൗഷാദിന്റ ചെരിപ്പുകട ഭാഗീകമായി തകര്‍ന്നു.
യഹിയയുടെ കടയില്‍ ഇയാളുടെ ഭാര്യയും കുഞ്ഞു കുട്ടികളടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഇവര്‍ പുറത്തിറങ്ങിയ നിമിഷം തന്നെയാണ് മരം പതിച്ചത്. തല നാരിഴ വ്യത്യാസത്തിനാണ് ദുരന്തം ഒഴിവായത്. മരം വീണതോടെ വെദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. അഗ്‌നിശമന സേനയെത്തിയാണ് മരം മുറിച്ചുനീക്കി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചത്. സംഭവ സ്ഥലം കെ.ജെ. മാക്‌സി എം.എല്‍.എ, കൗണ്‍സിലര്‍മാരായ ടി.കെ അഷറഫ്, ബിന്ദു ലെവിന്‍, ശ്യാമള എസ് പ്രഭു എന്നിവര്‍ സന്ദര്‍ശിച്ചു.
ഫോര്‍ട്ടുകൊച്ചി ബിച്ച് റോഡില്‍ പള്ളിപറമ്പ് റാഫേല്‍, കുരിശിങ്കല്‍ ഷാജി, ലോറന്‍സ്, ചിറളായി എസ്.ജെ.ഡി തെരുവില്‍ എന്‍.എസ് വിനോദ്, ശ്രീനിവാസപ്രഭു എന്നിവരുടെ വീടിനു മുകളിലേക്ക് മരം വീണു വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ഫോര്‍ട്ടുകൊച്ചി ഇമാനുവല്‍ ദേവാലയത്തിനു സമീപം ലോറന്‍സിന്റെ വീട്ടിലേക്ക് മരം വീണു ബൈക്കുകള്‍ തകര്‍ന്നു. രാമേശ്വരം കോളനിയില്‍ യേശുദാസിന്റെ കാര്‍ ഷെഡ്ഡിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു കാര്‍ ഷെഡും, കാറും തകര്‍ന്നു.
വീട്ടുമുറ്റത്തെ വന്‍മരങ്ങള്‍ മറിഞ്ഞു വീണു ബീച്ച് റോഡിലെ രാജന്‍, രാമേശ്വരം കോളനിയിലെ ഒ.എല്‍.സാമുവല്‍ എന്നിവരുടെ വീടുകളുടെ മതിലുകള്‍ തകര്‍ന്നു. കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തെ വലിയ പുളിമരവും, മൂന്ന് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു .മട്ടാഞ്ചേരി ടി.ഡി. ഹൈ സ്‌ക്കൂളിന്റെ നുറുകണിക്കിന് ഓടുകള്‍ കാറ്റത്ത് പറന്ന് വീണ് തകര്‍ന്നു.നസ്രത്ത് സ്റ്റാന്‍ലിയുടെ വീടിന്റെ ഷീറ്റുകള്‍ പറന്നു പോയി.ഫോര്‍ട്ട് കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപം മരം മറിഞ്ഞ് വീണ് കാറിനും സ്‌ക്കൂട്ടറിനും കേടുപാടുകള്‍ പറ്റി.
ആലുവയിലും നാശനഷ്ടം
ആലുവ: കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും എടയപ്പുറത്ത് കൃഷിനാശം. നിരവധി പേരുടെ വാഴ, ജാതി, കപ്പ തുടങ്ങിയവ നശിച്ചു. എടയപ്പുറം കുരിയിലേത്ത് വീട്ടില്‍ വിശ്വന്‍ പാട്ടത്തിനെടുത്ത് നടത്തിയ രണ്ട് ഏക്കറിലെ വാഴ കൃഷിയില്‍ ഭൂരിഭാഗവും നശിച്ചു. 200 ഓളം കുലക്കാറായ വാഴകളാണ് ഒടിഞ്ഞുതൂങ്ങിയത്. എടയപ്പുറം ഗുരുതേജസ് കവലക്ക് സമീപം കവണിയാക്കോടത്ത് മോഹനന്റെ 50ല്‍ ഏറെ വാഴകള്‍ നശിച്ചു. കുലക്കാറായ വാഴകളാണ് രണ്ടായി ഒടിഞ്ഞത്. വാഴകള്‍ക്ക് താങ്ങായി കുറ്റികള്‍ ഇടാതിരുന്നതാണ് വിനയായത്. എടയപ്പുറം ചവര്‍കാട് പുലരി കുടുംബശ്രീ യൂനിറ്റ് കൃഷിയിറക്കിയ 50 ഓളം വാഴകളും നശിച്ചു.
കീഴ്മാട് ചുണങ്ങംവേലി തടത്തിപ്പറമ്പില്‍ ത്രേസിയാമ്മ ആന്റണിയുടെ വീട്ടിലേക്കു തേക്ക് മരം മറിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നു. നിര്‍ദ്ധന കുടുംബമാണ് ത്രേസ്യാമ്മയുടെത്. ഓടുമേഞ്ഞ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. റവന്യു പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭ ദുരന്തത്തില്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."