ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന് ഗുജറാത്തിലെ കരാദിയ രജപുത്ര സമുദായം
ഗാന്ധിനഗര്‍: ഗുജറാത്തില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കരാദിയ രജപുത്ര വിഭാഗം. നേരത്തെ സമുദായത്തിനു വേണ്ടി മുന്നോട്ടുവച്ച പല വാഗ്ദാനങ്ങളും നടപ്പാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ചാണ് അവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പിന്നാക്ക വിഭാഗത്തിലാണ് കരാജിയ രജപുത്ര വിഭാഗത്തെ പരിഗണിക്കുന്നത്. നേരത്തെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനാണ് കരാദിയ സമുദായത്തെ ബി.ജെ.പിയുടെ കീഴില്‍ അണിനിരത്തിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം സമുദായ നേതാവായ ദാന്‍സിന്‍ മോറിക്കെതിരേ ബി.ജെ.പി നേതൃത്വം നിലപാടെടുത്തു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ജിത്തു വഗാനിയുടെ നേതൃത്വത്തിലായിരുന്നു ഇത്. ചില ഭൂപ്രശ്‌നങ്ങളില്‍ മോറി സ്വീകരിച്ച നിലപാട് അവരെ പ്രകോപിതരാക്കി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹത്തിനെതിരേ പൊലിസ് കേസെടുത്തതും പിന്നീട് തല്‍സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടി വന്നതും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ കാരണത്താലായിരുന്നു. ഇതിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച ഇവര്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍, കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല തുടങ്ങിയവരെ കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചിരുന്നു.
പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നും സമുദായ നേതാവിനെതിരായ കേസ് പിന്‍വലിക്കാമെന്നും അമിത്ഷാ ഉള്‍പെടെയുള്ളവര്‍ ഉറപ്പു നല്‍കിയെങ്കിലും ഇതൊന്നും നടപ്പായില്ല. ഇതോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കരാദിയ രജപുത്ര വിഭാഗം നിലപാട് സ്വീകരിച്ചത്.
ഭാവ്‌നഗര്‍, ജുനഗഡ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആര് വിജയിക്കണമെന്ന് തീരുമാനിക്കാന്‍ ശേഷിയുള്ള സമുദായമാണ് കരാദിയ വിഭാഗം. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച സമുദായ നേതാക്കള്‍ ഭാവ്‌നഗറില്‍ യോഗം ചേരുമെന്നും അതിനുശേഷം ബി.ജെ.പി വിരുദ്ധ റാലി സംഘടിപ്പിക്കുമെന്നും മോറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."