മലബാര്‍ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം നാളെ
തളിപ്പറമ്പ്: ഉത്തരമലബാറിലെ നദികളുടെയും നദീതീരങ്ങളിലെ സംസ്‌കാരങ്ങളുടെയും സാധ്യതകള്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മലബാര്‍ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 9.30ന് പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ ശൈലജ, എം.പി പി.കെ ശ്രീമതി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
നദികള്‍, തീരപ്രദേശങ്ങള്‍, കലാരൂപങ്ങള്‍ തുടങ്ങിയ മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി തയാറാക്കിയതാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളും കാസര്‍കോഡ് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായലും ഇവയുടെ തീരപ്രദേശങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു ജില്ലകളിലുമായി 17 ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 53.07 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും പദ്ധതികള്‍ നടപ്പാക്കി യാല്‍ വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഗുണകരമായിരിക്കുമെന്നും ജെയിംസ് മാത്യു എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിനോദ സഞ്ചാരികള്‍ക്കുള്ള താമസസ്ഥലം, ഭക്ഷണം തുടങ്ങിയവയുടെ ചുമതല വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ അതത് നാട്ടുകാരെ തന്നെ ഏല്‍പ്പിക്കാനാണ് തീരുമാനം. വിനോദസഞ്ചാര വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്തമായി ചേര്‍ന്ന് പദ്ധതിയുടെ ഭാഗമാവുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായ പരിശീലനവും നല്‍കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് ക്രൂയിസുകളുടെ നടത്തിപ്പിനായി സ്വദേശി ദര്‍ശന്‍ സ്‌കീമിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 83.34 കോടിയുടെ അംഗീകാരം നല്‍കിയിട്ടുണ്ട്.
മുത്തപ്പന്‍ മലബാറി ക്യൂസീന്‍ ക്രൂയിസ്(വളപട്ടണം നദിയില്‍ ആരംഭിച്ച് പറശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് വരെ), തെയ്യം ക്രൂയിസ്(വളപട്ടണത്ത് തുടങ്ങി തെക്കുമ്പാട് വഴി പഴയങ്ങാടി വരെ), കണ്ടല്‍ ക്രൂയിസ്(പഴയങ്ങാടി മുതല്‍ കുപ്പം വരെ) എന്നിവയാണ് അംഗീകാരം ലഭിച്ച ക്രൂയിസുകള്‍. വാര്‍ത്താസമ്മേളനത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള, ടൂറിസം വകുപ്പ് റീജ്യണല്‍ ജോ. ഡയരക്ടര്‍(കോഴിക്കോട്) സി.എം അനിത കുമാരി, ഡെപ്യൂട്ടി ഡയരക്ടര്‍(കണ്ണൂര്‍) ഡി. ഗിരീഷ് കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."