HOME
DETAILS
MAL
സ്‌പെഷല്‍ സ്‌കൂളുകളുടെ പ്രത്യേക പാക്കേജ്; ഗുണം ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍
backup
May 31 2020 | 00:05 AM
മുക്കം (കോഴിക്കോട്): മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക പാക്കേജിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍. തുച്ഛമായ വേതനത്തിന് സമൂഹത്തിലെ ഏറ്റവും കൂടുതല്‍ കരുതല്‍ ആവശ്യമുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് മാന്യമായ വേതനം നല്‍കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കിയത്.
സ്‌പെഷല്‍ സ്‌കൂളുകളെ എ, ബി, സി, ഡി എന്നിങ്ങനെ ഗ്രേഡുകളാക്കി തിരിക്കുകയും അത് അടിസ്ഥാനമാക്കി സ്‌കൂളുകളില്‍ ജീവനക്കാരുടെ തസ്തികളുടെ എണ്ണം നിശ്ചയിച്ച് ഓണറേറിയം അനുവദിക്കുന്ന രീതിയാണ് പ്രത്യേക പാക്കേജില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പല മാനേജ്‌മെന്റുകളും പാക്കേജ് പ്രകാരം ജീവനക്കാര്‍ക്ക് അനുവദിക്കപ്പെട്ട വേതനം നല്‍കാന്‍ തയാറാകുന്നില്ല. ചിലയിടങ്ങളില്‍ തങ്ങളുടെ താല്‍പര്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന തരത്തില്‍ അനുവദിക്കപ്പെട്ട തസ്തികകളില്‍ ജീവനക്കാരെ നിര്‍ണയിക്കുകയാണ്.
സ്ഥാപനങ്ങളുടെ ബാധ്യത തീര്‍ക്കാനും പുനരുദ്ധാരണത്തിനും സംഭാവന നല്‍കണമെന്ന നിബന്ധനയും നല്‍കുന്നുണ്ട്. ഇത് അനുസരിക്കാത്തവര്‍ക്ക് പിരിച്ചുവിടല്‍, സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണി എന്നിവ നല്‍കുന്നതായും ജീവനക്കാര്‍ പരാതിപ്പെടുന്നു. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ സര്‍ക്കാര്‍ എയ്ഡഡ് ആക്കാനുള്ള തീരുമാനം മാറ്റിവയ്ക്കുകയും 2017ല്‍ ഇത്തരം വിദ്യാലയങ്ങളെയും അവിടെ ജോലിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാരെയും സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍, ഇതു പാലിക്കപ്പെട്ടില്ല. നീണ്ട രണ്ടര വര്‍ഷക്കാലം നിവേദനങ്ങളും സമരങ്ങളും സമ്മര്‍ദങ്ങളും നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ 25 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കി. 242 വിദ്യാലയങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചെങ്കിലും ഇതില്‍ 12 സ്‌കൂളുകള്‍ക്ക് ഇനിയും തുക ലഭ്യമായിട്ടില്ല. ഈ പാക്കേജിനെതിരേയാണ് ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."