പ്രാദേശിക പാര്‍ട്ടികള്‍ക്ക് സുസ്ഥിര ഗവണ്‍മെന്റ് രൂപീകരിക്കാന്‍ സാധിക്കും: പ്രകാശ് കാരാട്ട്
കണ്ണൂര്‍: യുദ്ധോത്സുക ദേശീയത ഉയര്‍ത്തി യഥാര്‍ഥ വിഷയങ്ങള്‍ വഴിതിരിച്ചുവിടാനാണ് മോദിയും ബി.ജെ.പി സര്‍ക്കാരും ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
പ്രതിപക്ഷത്തെ ഇടതുപക്ഷ മതനിരപേക്ഷ കക്ഷികളും പ്രാദേശിക പാര്‍ട്ടികളും വിചാരിച്ചാല്‍ സുസ്ഥിര ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയില്ലെന്ന വാദം ശരിയല്ലെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ 'മുഖാമുഖം' പരിപാടിയില്‍ കാരാട്ട് പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ ഇത്തരം പാര്‍ട്ടികള്‍ ചേര്‍ന്നതായിരുന്നു. അതു ദുര്‍ബലമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചശേഷമുള്ള ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഭരണഘടനയുടെയും അതിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാരിനെതിരേ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന മഹാസഖ്യം പ്രായോഗികമല്ല. സംസ്ഥാനതലത്തില്‍ രൂപപ്പെടുന്ന തെരഞ്ഞെടുപ്പു സഖ്യങ്ങള്‍ക്കാണ് ഇവരേ ഫലപ്രദമായി നേരിടാന്‍ കഴിയുക. അതത് സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും. അദ്ദേഹം പറഞ്ഞു.
അഞ്ചു വര്‍ഷത്തെ മോദി ഭരണം വര്‍ഷം രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഔദ്യോഗിക കണക്കുകളനുസരിച്ച് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലാണ് രാജ്യം.
സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ഷികവിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവും അമ്പതുശതമാനവും ചേര്‍ന്ന താങ്ങുവില നിശ്ചയിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം.
മുമ്പൊരുകാലത്തുമില്ലാത്ത വിധമുളള വര്‍ഗീയവല്‍ക്കരണവും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളും നടക്കുന്നു.
തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ടു നേരിടുകയാണവര്‍. കാരാട്ട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."