ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക്
റാഞ്ചി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി വീണ്ടും നേതാക്കളുടെ കൂടുമാറ്റം. മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി സംസ്ഥാന വക്താവും ഇതില്‍ ഉള്‍പെടുന്നു. മൂന്നു പേരും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ ചേര്‍ന്നു. സംസ്ഥാന വക്താവായിരുന്ന കുനാല്‍ സാരംഗി, ലൂയിസ് മൊറാണ്ടി, ലക്ഷമണ്‍ ടുഡു എന്നിവരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്.
പാര്‍ട്ടി ഒഴിവാക്കിയവര്‍ പുതിയ അവസരം തേടുകയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. എന്നാല്‍ ജെ.എം.എമ്മിനെ മറികടന്ന് അധികാരം പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവും പാര്‍ട്ടിയുടെ മുഖങ്ങളായിരുന്ന നേതാക്കളെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
2014ല്‍ ദുംക മണ്ഡലത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ തോല്‍പ്പിച്ചാണ് ലൂയിസ് മൊറാണ്ടി നിയമസഭയിലെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായിരുന്ന വനിതാ നേതാവിലൂടെയാണ് ചരിത്രത്തിലാദ്യമായി ദുംക മണ്ഡലത്തില്‍ ബി.ജെ.പി വിജയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ വക്താവ് സ്ഥാനം രാജിവെച്ച സാരംഗിയും, ഘട്ട്ഷില മുന്‍ എം.എല്‍.എ ലക്ഷ്മണ്‍ ടുഡുവും ലൂയിസ് മൊറാണ്ടിക്കൊപ്പം രാജിക്കത്ത് നല്‍കി.
സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും പ്രവര്‍ത്തനവൈകല്യവും ചൂണ്ടിക്കാട്ടി നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിക്ക് കത്തയച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്. എന്‍.ഡി.എ സഖ്യകക്ഷിയായ എ.ജെ.എസ്.യു നേതാക്കള്‍ ജെഎംഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നോതാക്കള്‍ കൂടി ഭരണകക്ഷിയില്‍ ചേക്കേറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."