നീലഗിരി രാജയ്ക്കു ബാലികേറാമലയാകുമോ?
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടിപതറിയതിന്റെ ക്ഷീണം ഇപ്പോഴും മുന്‍ കേന്ദ്രമന്ത്രി എ. രാജയുടെ മുഖത്തുനിന്ന് മാറിയിട്ടില്ല. അതിനിടെ വീണ്ടും തെരഞ്ഞെടുപ്പെത്തിയപ്പോള്‍ കഴിഞ്ഞ തവണത്തെ തോല്‍വിയുടെ ക്ഷീണം കൂടി തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് രാജ നീലഗിരി മലയ്ക്കു മുകളിലേക്കു വച്ചുപിടിച്ചത്.
രാജയുടെ വിജയം സുനിശ്ചിതമാണെന്നാണ് പാര്‍ട്ടി അണികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥികള്‍ മുഴുവന്‍ കളത്തിലിറങ്ങിയപ്പോള്‍ നീലഗിരി രാജയ്ക്കു ബാലികേറാമലയാകുമോ എന്ന സംശയം അവര്‍ക്കിടയിലും വ്യാപിക്കുകയാണ്. തമിഴ്‌നാട് രാഷ്ട്രീയം എന്നും ജാതീയതയ്‌ക്കൊപ്പം നില്‍ക്കുന്നതാണ്. ഇതില്‍തന്നെ നീലഗിരിയുടെ വോട്ട്ബാങ്ക് ജാതീയതയെ കൂടുതല്‍ ചേര്‍ത്തുപിടിക്കുന്നതാണ്.
നീലഗിരി ലോക്‌സഭാ മണ്ഡലത്തില്‍ ഗൂഡല്ലൂര്‍, ഊട്ടി, കുന്നൂര്‍, ഭവാനിസാഗര്‍, മേട്ടുപ്പാളയം, അവിനാശി എന്നീ നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ഗൂഡല്ലൂര്‍ മാത്രമാണ് സാമുദായിക വോട്ടുകളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ളത്. ഇവിടെ തോട്ടം തൊഴിലാളികളാണ് കൂടുതല്‍. ഇവര്‍ തന്നെയാണ് ഇവിടുത്തെ സമ്മര്‍ദ ഗ്രൂപ്പും. എന്നാല്‍ മറ്റ് അഞ്ചിടങ്ങളിലും സാമുദായികാടിസ്ഥാനത്തിലുള്ള വോട്ടുകളാണ് നിര്‍ണായകം.
ഊട്ടിയിലും കുന്നൂരിലും ബഡ്ഗ സമുദായക്കാരാണ് വോട്ട് ബാങ്ക്. മേട്ടുപ്പാളയത്ത് കൗണ്ടര്‍മാരും അരുന്തതി വോട്ടുകളുമാണ് കൂടുതല്‍. ഭവാനിസാഗറില്‍ കൗണ്ടര്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ അവിനാശിയില്‍ അരുന്തതി സമുദായക്കാരാണ് കൂടുതലുള്ളത്. രാജയുടെ മുഖ്യ എതിരാളി എ.ഐ.എ.ഡി.എം.കെയിലെ എം. ത്യാഗരാജാണ്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അവിനാശിക്കാരനാണ് ത്യാഗരാജന്‍. പോരാത്തതിന് അരുന്തതി സമുദായക്കാരനും. ഇത് ഡി.എം.കെ മുന്നണിക്കും രാജയ്ക്കും ചെറിയ നെഞ്ചിടിപ്പൊന്നുമല്ല സമ്മാനിക്കുന്നത്.
കൂടാതെ എ.ഐ.എ.ഡി.എം.കെയുടെ നീലഗിരി ജില്ലാ സെക്രട്ടറി ബുദ്ധിചന്ദ്രന്‍ ബഡ്ഗ സമുദായക്കാരനുമാണ്. ഇതും രാജയുടെയും കൂട്ടരുടെയും നെഞ്ചിടിപ്പേറ്റുന്നുണ്ട്. അതിനിടയിലും അവര്‍ക്കിവിടെ ആശ്വാസത്തിനുള്ള വകയുമുണ്ട്. ബഡ്ഗ സമുദായത്തില്‍ നിന്ന് തന്നെയുള്ള മുന്‍ എം.പി കൂടിയായ അര്‍ജുനനെ വെട്ടിയാണ് ബുദ്ധിചന്ദ്രന്‍ ജില്ലാ സെക്രട്ടറിയായത്. ഇത് അര്‍ജുനനെ പിന്തുണയ്ക്കുന്നവരില്‍ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. ഈ പ്രതിഷേധാഗ്നി തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ അണയാതിരുന്നാല്‍ അത് രാജയ്ക്കു ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
അപ്പോഴും അവിനാശിയും മേട്ടുപ്പാളയവും രാജയ്ക്കു കടുത്ത പ്രതിസന്ധി സൃഷ്ടിക്കാനാണ് സാധ്യത. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് വിട്ടുപോന്ന ദിനകരന്‍ പക്ഷത്തിന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകവും നീലഗിരിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് രാജയ്ക്കു ഗുണം ചെയ്യാനാണ് സാധ്യത.
എ.ഐ.എ.ഡി.എം.കെയുടെ വോട്ടുകള്‍ ഇവിടെ വിഭജിക്കപ്പെട്ടാല്‍ ജാതിസമവാക്യങ്ങള്‍ക്ക് അതീതനായി രാജക്ക് വിജയം നേടാനാകും. ഈ കണക്കുകൂട്ടലുകള്‍ക്കൊപ്പം സിറ്റിങ് എം.പി മണ്ഡലത്തില്‍ ഒന്നും ചെയ്തില്ലെന്ന ജനങ്ങളുടെ ആരോപണം കൂടി കുറിക്കുകൊണ്ടാല്‍ രാജയ്ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് വിലയിരുത്തലുകള്‍. അതിനു രാജയും ഡി.എം.കെ മുന്നണിയും ഉറക്കമൊഴിച്ച് പ്രവര്‍ത്തിക്കണമെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."