വ്യാപക പ്രതിഷേധത്തിനൊരുങ്ങി യു.എസ്
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തിനെതിരേ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യു.എസ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ശനിയാഴ്ച നടക്കുന്ന പ്രതിഷേധങ്ങള്‍ക്കായി 630 പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കുടുംബങ്ങളെ യോജിപ്പിക്കണമെന്ന ഹാഷ് ടാഗോടെ നിരവധി നഗരങ്ങളില്‍ ഇതിനകം പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ വേര്‍തിരിക്കുന്നതിനെതിരേ കോടതി ഉത്തരവുണ്ടെങ്കിലും തങ്ങളുടെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയാനാവില്ലെന്നും ഉത്തരവ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത വെബ്‌സൈറ്റ് പറയുന്നു.
കുട്ടികളെ തടവിലിടുന്നതിനെ എതിര്‍ക്കുന്നതിനോടൊപ്പം കുടിയേറ്റക്കാരെ തടവിലിടുന്നത് അവസാനിപ്പിക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ആറോളം മുസ്‌ലിം രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നിയമം നീക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ട്രംപിന്റെ യാത്രാ വിലക്കിന് യു.എസ് സുപ്രിംകോടതി അംഗീകാരം നല്‍കിയിരുന്നു. വെള്ള വസ്ത്രമണിഞ്ഞ് 50 സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. വാഷിങ്ടണ്‍ ഡിസിയാണ് പ്രതിഷേധത്തിനുള്ള മുഖ്യകേന്ദ്രമെന്ന് പ്രതിഷേധത്തിന് ആഹ്വാന ചെയ്ത സംഘടനാംഗം അന്ന ഗല്ലാന്‍ഡ് പറഞ്ഞു.
പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ച് നടിമാരായ ജുലിയാന മൂര്‍, അമേരിക്ക ഫെരാര തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തി. മെക്‌സിക്കന്‍ അതിര്‍ത്തി വഴി അനധികൃതമായി കുടിയേറിയതിനാല്‍ രക്ഷിതാക്കളില്‍ വേര്‍പിരിക്കപ്പെട്ട 2,000 കുട്ടികള്‍ ഇപ്പോഴും വ്യത്യസ്ത കേന്ദ്രങ്ങളിലാണുള്ളത്. കുട്ടികളെയും രക്ഷിതാക്കളെയും വേര്‍പിരിക്കുന്ന നിയമം പിന്‍വലിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇത് പൂര്‍ണമായി പ്രാബല്യത്തില്‍വന്നിട്ടില്ല. ഇതിനെ തുടര്‍ന്ന് യു.എസിലും അന്താരാഷ്ട്ര തലത്തിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
വേര്‍പിരിക്കപ്പെട്ട കുട്ടികളെ 30 ദിവസത്തിനുള്ളില്‍ രക്ഷിതാക്കള്‍ക്ക് കൈമാറണമെന്ന് കാലിഫോര്‍ണിയ കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധത്തിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ നയത്തിനെതിരേ യു.എസ് സെനറ്റ് ബില്‍ഡിങ്ങില്‍ വ്യാഴാഴ്ച നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നടി സൂസന്‍ സറന്‍ഡന്‍ ഉള്‍പ്പെടെ 600 സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."